Football in Malayalam

ഫെർഗൂസനുമായി സംസാരിക്കുന്നതു തടയാൻ ബെൻസിമയെ ലിയോൺ ഒഫിഷ്യൽസ് തള്ളി മാറ്റി, വെളിപ്പെടുത്തലുമായി റിയോ ഫെർഡിനാൻഡ്

Sreejith N
Real Madrid v Osasuna - La Liga Santander
Real Madrid v Osasuna - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

ലോകഫുട്ബോൾ കണ്ട ഏറ്റവും മികച്ച നമ്പർ 9 താരങ്ങളിൽ ഒരാളാണ് കരിം ബെൻസിമയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പന്ത്രണ്ടു സീസണുകളായി റയൽ മാഡ്രിഡിനൊപ്പം തുടരുന്ന താരം 227 ഗോളുകൾ നേടി പതിനെട്ടു കിരീടങ്ങളാണ് ലോസ് ബ്ലാങ്കോസിനു സ്വന്തമാക്കാൻ സഹായിച്ചിരുന്നത്. ഈ സീസണിൽ റയലിന്റെ ടോപ് സ്കോററും ഈ ഫ്രഞ്ച് താരം തന്നെയാണ്.

റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നതിനു മുൻപ് ഫ്രഞ്ച് ക്ലബായ ലിയോണിൽ കളിച്ചിരുന്ന ബെൻസിമയെ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിക്കാൻ അന്നത്തെ പരിശീലകനായ സർ അലക്‌സ് ഫെർഗുസനു വളരെയധികം താൽപര്യമുണ്ടായിരുന്നുവെന്നാണ് ക്ലബിന്റെ ഇതിഹാസതാരമായ റിയോ ഫെർഡിനാൻഡ് അടുത്തിടെ വെളിപ്പെടുത്തിയത്. 2007-08ൽ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ ഗോൾ നേടിയ ബെൻസിമയോട് അലക്‌സ് ഫെർഗുസൺ സംസാരിക്കുന്നതു തടയാൻ ഫ്രഞ്ച് സ്‌ട്രൈക്കറെ ലിയോൺ ഒഫിഷ്യൽസ് തള്ളി മാറ്റിക്കൊണ്ടു പോയ കഥയും ഫെർഡിനാൻഡ് പറഞ്ഞു.

"ആദ്യമായി ഞാൻ ബെൻസിമക്കെതിരെ കളിക്കുന്ന സമയത്ത് അലക്‌സ് ഫെർഗൂസന് താരത്തെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടായിരുന്നു. ആ മത്സരത്തിനു ശേഷം ബെൻസിമയുമായി ഫെർഗൂസൻ ടണലിൽ വെച്ചു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ലിയോൺ ഒഫിഷ്യൽസ് താരത്തെ തള്ളി മാറ്റി ദൂരേക്കു കൊണ്ടു പോവുകയാണ് ചെയ്‌തത്‌. അന്നത്തെ ദിവസം കളിക്കളത്തിൽ താരത്തിന്റെ നീക്കങ്ങളെല്ലാം അത്ര മികച്ചതായിരുന്നു," ബിടി സ്പോർടിനോട് സംസാരിക്കുമ്പോൾ ഫെർഡിനാൻഡ് പറഞ്ഞു.

ഒരു വർഷത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനെ തഴഞ്ഞ് ബെൻസിമ റയൽ മാഡ്രിഡിലേക്ക് മുപ്പതു മില്യൺ യൂറോയുടെ ട്രാൻസ്ഫറിൽ ചേക്കേറുകയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് നേടുകയും ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തുകയും ചെയ്‌തിട്ടും ബെൻസിമയെ തിരഞ്ഞെടുത്തത് റയലിനെയായിരുന്നു. ബെൻസിമ റയലിനെ തഴഞ്ഞതു കൊണ്ടാണ് ന്യൂകാസിലിൽ നിന്നും താൻ ഫ്രീ ട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയതെന്ന് മൈക്കൽ ഓവനും മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്.


facebooktwitterreddit