Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാൻ റൊണാൾഡോയെ ബോധ്യപ്പെടുത്തി ഫെർഗൂസൻ; വിഖ്യാത പരിശീലകന്റെ നിർണായക ഇടപെടൽ നടന്നത് ഇന്ന്

Gokul Manthara
Cristiano Ronaldo and Sir Alex Ferguson
Cristiano Ronaldo and Sir Alex Ferguson / Anthony Harvey/Getty Images
facebooktwitterreddit

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തുമെന്നത് ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു. കരാർ കാര്യത്തിൽ ഇറ്റാലിയൻ ക്ലബ്ബുമായി തങ്ങൾ ധാരണയിൽ എത്തിയതായി ഇംഗ്ലീഷ് ക്ലബ്ബ് അല്പം മുൻപാണ് ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചത്. തീർത്തും അപ്രതീക്ഷിതമാണ് യുണൈറ്റഡിലേക്കുള്ള താരത്തിന്റെ തിരിച്ചു വരവ്.

നേരത്തെ യുവന്റസ് വിടാൻ തീരുമാനിച്ച താരം പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയേക്കുമെന്നാായിരുന്നു കരുതപ്പെട്ടിരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരമായ റൊണാൾഡോ ക്ലബ്ബിന്റെ ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകുമെന്ന വാർത്ത അവരുടെ ആരാധകരെ ഒന്നടങ്കം ആശങ്കാകുലരാക്കുകയും ചെയ്തിരുന്നു.

ഇപ്പോളിതാ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോയേക്കുമെന്ന വാർത്തകൾ ശക്തമായ സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോയെ മുൻപ് പരിശീലിപ്പിച്ചിരുന്ന വിഖ്യാത മാനേജറായ സർ അലക്സ് ഫെർഗൂസൻ അദ്ദേഹവുമായി ‌സംസാരിച്ചെന്നും, യുണൈറ്റഡിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു. വെള്ളിയാഴ്ച രാവിലെ ഫെർഗൂസൻ ക്രിസ്റ്റ്യാനോ റൊണാൾഡോയോട് സംസാരിച്ചെന്ന് മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസിന്റെ പത്രപ്രവർത്തകനായ സാമുവൽ ലഖർസ്റ്റാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്‌. മാഞ്ചസ്റ്റർ സിറ്റിയെ തഴഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെത്താൻ റൊണാൾഡോയെ ഫെർഗൂസൻ ബോധ്യപ്പെടുത്തിയെന്നാണ് ഈ വാർത്തകളിൽ നിന്ന് മനസിലാകുന്നത്.

നേരത്തെ 2003 ൽ അലക്സ് ഫെർഗൂസൻ പരിശീലകനായിരുന്ന സമയത്താണ് പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിംഗ്‌ സിപിയിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെത്തുന്നത്. 12.2 മില്ല്യൺ പൗണ്ട് മുടക്കി യുണൈറ്റഡ് സ്വന്തമാക്കിയ പതിനെട്ടുകാരൻ റൊണാൾഡോ പിന്നീട് ലോകം കീഴടക്കുന്ന ഫുട്ബോളറായി മാറുന്നതാണ് ഏവരും കണ്ടത്. യുണൈറ്റഡിൽ ഫെർഗിയുടെ പ്രിയ ശിഷ്യനായിരുന്ന റൊണാൾഡോ കരിയറിലെ തന്റെ അടുത്ത തലത്തിലേക്ക് വളർന്നത് അദ്ദേഹത്തിന് കീഴിലാണ്. ഫെർഗൂസന് കീഴിൽ മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളിലും, രണ്ട് ലീഗ് കപ്പുകളിലും, ഒന്നു വീതം ചാമ്പ്യൻസ് ലീഗ്, എഫ് എ കപ്പ് എന്നിവയിലും മുത്തമിട്ട റൊണാൾഡോ, തന്റെ അഞ്ച് ബാലൺ ഡി ഓർ പുരസ്കാരങ്ങളിൽ ആദ്യത്തേത് സ്വന്തമാക്കിയതും അദ്ദേഹത്തിന് കീഴിൽ കളിക്കുമ്പോളാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit