മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിക്കാൻ കഴിയാതെ നഷ്ടപെടുത്തിയ ഏറ്റവും പ്രധാനപ്പെട്ട താരമേതെന്നു വെളിപ്പെടുത്തി ഫെർഗുസൺ


മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കാൻ കഴിയാതെ താൻ നഷ്ടപെടുത്തിയ ഏറ്റവും പ്രധാനപ്പെട്ട താരമേതെന്നു വെളിപ്പെടുത്തി ക്ലബിന്റെ മുൻ പരിശീലകനായ സർ അലക്സ് ഫെർഗുസൺ. 1988ൽ ന്യൂകാസിൽ യുണൈറ്റഡിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ശ്രമിച്ച പോൾ ഗാസ്കോയ്നെ ടീമിലെത്തിക്കാൻ കഴിയാത്തതാണ് തന്റെ വലിയ നിരാശയെന്നാണ് ഫെർഗുസൺ പറയുന്നത്.
അറ്റാക്കിങ് മിഡ്ഫീൽഡറായിരുന്ന പോൾ ഗാസ്കോയിനെ ടീമിലെത്തിക്കാൻ ഫെർഗുസണ് വളരെയധികം താൽപര്യം ഉണ്ടായിരുന്നെങ്കിലും ഇംഗ്ലീഷ് താരം ടോട്ടനം ഹോസ്പറിലാണ് ഒടുവിലെത്തിയത്. നാലു വർഷങ്ങൾ സ്പർസിൽ കളിച്ചു പിന്നീട് ലാസിയോയിലേക്ക് ചേക്കേറിയ താരം തന്റെ ആത്മകഥയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാമെന്ന് ഫെർഗുസനു വാക്കു നൽകിയ കാര്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നുമുണ്ട്.
Sir Alex Ferguson expresses his regret that the club failed to sign former England star Paul Gascoigne https://t.co/yz2KOB4qZh
— MailOnline Sport (@MailSport) September 27, 2021
ഏതു താരത്തെ നഷ്ടപ്പെടുത്തിയതിലാണ് ഏറ്റവുമധികം ഖേദിക്കുന്നതെന്നു ചോദിച്ചപ്പോൾ തനിക്ക് ഒരേയൊരു പേരു മാത്രമേ മനസിൽ വരുന്നുള്ളൂ, അത് ഗാസ്കോയിനാണെന്നുമാണ് ഫെർഗുസൺ യുടിഡി പോഡ്കാസ്റ്റിനോട് സംസാരിക്കുമ്പോൾ പറഞ്ഞത്. താരത്തിന്റെ കരിയർ മികച്ചതായിരുന്നു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയിരുന്നെങ്കിൽ അതു കൂടുതൽ ഗംഭീരമായേനെയെന്നും ഫെർഗുസൺ വ്യക്തമാക്കി.
ഗാസ്കോയിൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി സൈൻ ചെയ്യുമെന്നു പറഞ്ഞിരുന്നെങ്കിലും താൻ അവധിയെടുത്തിരുന്ന സമയത്താണ് താരത്തിന്റെ ടോട്ടനം ഹോസ്പർ ട്രാൻസ്ഫർ നടക്കുന്നതെന്നും ഫെർഗുസൺ പറഞ്ഞു. എൺപതിനായിരം പൗണ്ട് മുടക്കി ഗാസ്കോയിന്റെ അമ്മക്ക് ടോട്ടനം വീടെടുത്തു നൽകിയതു കൊണ്ടാണ് താരം അവിടേക്കു ചേക്കേറിയതെന്നും അതു തനിക്ക് വിശ്വസിക്കാൻ കഴിയാത്ത വാർത്തയായിരുന്നു എന്നും ഫെർഗുസൺ വെളിപ്പെടുത്തി.
അതേസമയം ഒരു കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചേർത്ത് വലിയ അഭ്യൂഹങ്ങൾ ഉണ്ടായിരുന്ന നെതർലാൻഡ്സ് താരം വെസ്ലി സ്നൈഡറിൽ ടീമിന് പ്രത്യേകമായ താൽപര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും ഫെർഗുസൺ പറഞ്ഞു. അതുപോലെയുള്ള അഭ്യൂഹങ്ങൾ മാധ്യമങ്ങളുടെ മാത്രം സൃഷ്ടിയായിരുന്നു എന്നാണു മുൻ യുണൈറ്റഡ് പരിശീലകൻ വ്യക്തമാക്കുന്നത്.