റൊണാൾഡോയെ സോൾഷെയർ ഉപയോഗിച്ച രീതിയിൽ ഫെർഗൂസനും തൃപ്‌തനല്ല, വീഡിയോ ദൃശ്യങ്ങൾ പുറത്ത്

Sreejith N
Manchester United v Aston Villa - Premier League
Manchester United v Aston Villa - Premier League / Gareth Copley/Getty Images
facebooktwitterreddit

എവർട്ടണിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ റൊണാൾഡോയെ പകരക്കാരനാക്കി ഇറക്കാനുള്ള ഒലെ ഗുണ്ണാർ സോൾഷെയറിന്റെ തീരുമാനത്തിൽ മുൻ പരിശീലകൻ സർ അലക്‌സ് ഫെർഗൂസനും അഭിപ്രായവ്യത്യാസം ഉണ്ടെന്നു വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. മത്സരത്തിനു ശേഷം മാർഷ്യൽ ആർട്സ് സൂപ്പർതാരം ഖബീബുമായി സംസാരിക്കുമ്പോഴാണ് ഇക്കാര്യം ഫെർഗൂസൻ പരാമർശിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള രണ്ടാം വരവിലിതു വരെ ആറ് മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകൾ നേടിയിട്ടുള്ള റൊണാൾഡോ വിയ്യാറയലിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ഇഞ്ചുറി ടൈമിൽ ടീമിനെ വിജയിപ്പിച്ചതിനു പിന്നാലെ നടന്ന മത്സരത്തിലാണ് താരത്തെ പകരക്കാരുടെ ബെഞ്ചിലിരുത്തിയത്. അൻപത്തിയേഴാം മിനുട്ടിൽ റൊണാൾഡോ പകരക്കാരനായി ഇറങ്ങിയെങ്കിലും മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങുകയായിരുന്നു.

"മത്സരത്തിനു ശേഷം ഫെർഗൂസനും ഖബീബും തമ്മിൽ നടന്ന സൗഹൃദ സംഭാഷണത്തിനിടെയാണ് തന്റെ അഭിപ്രായവ്യത്യാസം അദ്ദേഹം പ്രകടിപ്പിക്കുന്നത്. റൊണാൾഡോ കളത്തിലിറങ്ങിയത് സെക്കൻഡ് ഹാഫിലാണെന്നു ഖബീബ് ഫെർഗൂസനോട് പറഞ്ഞപ്പോൾ "എനിക്കറിയാം, പക്ഷെ നിങ്ങളുടെ മികച്ച കളിക്കാരെ എല്ലായ്‌പോഴും (ആദ്യ ഇലവനിൽ) ഇറക്കണം" എന്ന മറുപടിയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ നൽകിയത്.

നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരതയില്ലാത്ത പ്രകടനം നടത്തുന്നതു കൊണ്ട് വളരെയധികം വിമർശനങ്ങൾ നേരിടുന്ന സോൾഷെയറിനു കൂടുതൽ സമ്മർദ്ദം നൽകുന്നതാണ് ഫെർഗൂസന്റെ വിമർശനം. അതേസമയം റൊണാൾഡോയെ പകരക്കാരനാക്കി ഇറക്കിയ തന്റെ തീരുമാനം ശരിയായിരുന്നു എന്നാണു മത്സരത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ പറഞ്ഞത്.


facebooktwitterreddit