Football in Malayalam

പുതിയ പരിശീലകന് വേണ്ടിയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരച്ചിലിൽ അലക്സ് ഫെർഗൂസൻ 'ഔദ്യോഗിക പങ്കില്ല'

Haroon Rasheed
Villarreal CF v Manchester United - UEFA Europa League Final
Villarreal CF v Manchester United - UEFA Europa League Final / Aleksandra Szmigiel - Pool/GettyImages
facebooktwitterreddit

ഓലെ ഗുണ്ണാര്‍ സോള്‍ഷ്യാര്‍ക്ക് പകരക്കാരെ കണ്ടെത്തുന്നതില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ പരിശീലകനും ഡയറക്ടറുമായ അലക്‌സ് ഫെര്‍ഗൂസന് ഔദ്യോഗികമായി പങ്കില്ലെന്ന് റിപ്പോര്‍ട്ട്. പരിശീലകന്‍ സോള്‍ഷ്യാറെ പുറത്താക്കിയതിന് ശേഷം പുതിയ പരിശീലകന് വേണ്ടിയുള്ള തിരച്ചിലിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

സോള്‍ഷ്യാറുടെ പരിശീലക സ്ഥാനം നേരത്തെ തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നെങ്കിലും പ്രീമിയര്‍ ലീഗില്‍ വാട്‌ഫോര്‍ഡിനെതിരെയുള്ള വന്‍ തോല്‍വിക്ക് ശേഷം മാത്രമാണ് യുണൈറ്റഡ് അദ്ദേഹത്തെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്. ഇപ്പോള്‍ താല്‍ക്കാലിക പരിശീലകനായി മൈക്കല്‍ കാരിക്കിനെയാണ് നിയമിച്ചിട്ടുള്ളത്. കാരിക്കിന് കീഴില്‍ കഴിഞ്ഞ ദിവസം നടന്ന ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ യുണൈറ്റഡ് വിയ്യാറയലിനെ പരാജയപ്പെടുത്തി ജയം സ്വന്തമാക്കിയിരുന്നു. സീസണ്‍ അവസാനം വരെ മറ്റൊരു താല്‍ക്കാലിക പരിശീലകനെ നിയമിക്കാനും, പിന്നീട് സമ്മറിൽ സ്ഥിര പരിശീലകനെ നിയമിക്കാനും യുണൈറ്റഡിന് പദ്ധതിയുണ്ട്

എന്നാല്‍ അതിനിടെ യുണൈറ്റഡ് ലക്ഷ്യമിടുന്നവരെ ലഭിക്കുകയാണെങ്കില്‍ സ്ഥിരപരിശീലകനെ ഇപ്പോൾ തന്നെ ടീമിലെത്തിക്കാനുള്ള ഒരുക്കങ്ങളും റെഡ് ഡെവിള്‍സ് നടത്തുന്നുണ്ട്. ലെസ്റ്റര്‍ പരിശീലകന്‍ ബ്രാന്‍ഡന്‍ റോജേഴ്‌സ്, പി.എസ്.ജി പരിശീലകന്‍ മൗറീസിയോ പൊച്ചറ്റീനോ തുടങ്ങിയ പരിശീലകരാണ് യുണൈറ്റഡിന്റെ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. ഇവര്‍ രണ്ട് പേരും നിലവിലെ ജോലി വിട്ട് യുണൈറ്റഡില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി 90min റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.

അതേ സമയം, അലക്‌സ് ഫെര്‍ഗൂസന് ഇപ്പോള്‍ യുണൈറ്റഡിന്റെ മാനേജറെ കണ്ടെത്തുന്നതില്‍ ഔദ്യോഗിക റോളൊന്നുമില്ലെന്നാണ് ഇ.എസ്.പി.എന്നിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ടെക്നിക്കൽ ഡയറക്ടർ ഡാരന്‍ ഫ്ലെച്ചർ, ഫുട്ബോൾ ഡയറക്ടർ ജോണ്‍ മര്‍ട്ടോ എന്നിവർക്കാകും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്തേക്ക് പറ്റിയവരെ കണ്ടെത്താനാവും അവരെ വിശകലനം ചെയ്യാനുള്ള ചുമതലയും.

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്ത് നിന്ന് വിരമിച്ചതിന് ശേഷം ഫെർഗൂസന് ക്ലബിലുള്ള സ്വാധീനം ക്ഷയിച്ചിട്ടുണ്ടെന്നും അവരുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിന് പിന്നിൽ ഫെർഗൂസന്റെ ഇടപെടൽ ഉണ്ടായിരുന്നെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, അദ്ദേഹം പോർച്ചുഗീസ് താരവുമായി സംസാരിക്കുന്നതിന് മുൻപ് തന്നെ കരാറിന്റെ സാങ്കേതിക വശങ്ങളിൽ ജോർജ് മെൻഡസും, എഡ് വുഡ്വാർഡും തമ്മിൽ ധാരണയുണ്ടായിരുന്നെന്നും ഇ.എസ്.പി.എൻ വ്യക്തമാക്കുന്നു.


facebooktwitterreddit