സോൾഷ്യറിന്റെ ഭാവിയുമായി ബന്ധപ്പെട്ട് ക്ലബ്ബിൽ നടക്കുന്ന ചർച്ചകളിൽ ഫെർഗൂസനും ഇടപെടുന്നു, തീരുമാനമെടുക്കാതെ ക്ലബ്ബ്

സീസണിലെ മോശം പ്രകടനങ്ങളെത്തുടർന്ന് ഒലെ ഗുണ്ണർ സോൾഷ്യറെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന ആവശ്യം ആരാധകർക്കിടയിൽ കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്. സോൾഷ്യർ യുണൈറ്റഡിൽ നിന്ന് പുറത്താക്കപ്പെട്ടേക്കുമെന്ന സൂചനകൾ ശക്തമാകുന്നതിനിടെ ഇപ്പോളിതാ ക്ലബ്ബിന്റെ വിഖ്യാത പരിശീലകനായ സർ അലക്സ് ഫെർഗൂസൻ, സോൾഷ്യറുമായി ബന്ധപ്പെട്ട് ക്ലബ്ബിൽ നടക്കുന്ന ചർച്ചകളിൽ ഇടപെടുന്നുണ്ടെന്ന് 90min മനസ്സിലാക്കുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇപ്പോളും വലിയ ജനപ്രീതിയും, സ്വാധീനവുമുള്ള വ്യക്തിയാണ് അലക്സ് ഫെർഗൂസൻ. ഇത് കൊണ്ടു തന്നെ ക്ലബ്ബിന്റെ നിർണായ ഘട്ടങ്ങളിലൊക്കെ അദ്ദേഹം കൃത്യമായ ഇടപെടലുകൾ നടത്താറുമുണ്ട്. സോൾഷ്യറിന്റെ ഭാവിയുമായി ബന്ധപ്പെട്ട് നിലവിൽ ക്ലബ്ബിൽ നടന്നു കൊണ്ടിരിക്കുന്ന ചർച്ചയുടെ കാതൽ ഫെർഗൂസനാണെന്നും യുണൈറ്റഡിൽ ഇപ്പോൾ കാര്യങ്ങൾ മുന്നോട്ട് പോകുന്ന രീതിയിൽ തങ്ങൾക്കുള്ള ആശങ്കകൾ പരിശീലക സ്റ്റാഫിലെ അംഗങ്ങളും, കളിക്കാരും ഫെർഗൂസനുമായി പങ്കു വെച്ചെന്നുമാണ് 90min മനസിലാക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലവിലെ ഫോമിൽ ഫെർഗൂസനും വലിയ ഞെട്ടലാണുള്ളതെന്നും അതിൽ അദ്ദേഹം അതീവ നിരാശനാണെന്നുമാണ് കരുതപ്പെടുന്നത്.
അതേ സമയം, സോൾഷ്യറിന്റെ ഭാവി കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥരായ ഗ്ലേസർ കുടുംബത്തിലെ പ്രധാനികളായ അവ്രാമും, ജോയൽ ഗ്ലേസറുമാകും. ക്ലബ്ബിന്റെ ദീർഘകാല ഭാവിയിൽ വലിയ താല്പര്യമുണ്ടെങ്കിലും തിടുക്കം പിടിച്ച് ഒരു തീരുമാനമെടുക്കാൻ ഇവർക്ക് താലര്യമില്ലെന്നാണ് സൂചനകൾ. അത് കൊണ്ടു തന്നെ സമയമെടുത്തുള്ള ആലോചനകൾക്ക് ശേഷമാകും ക്ലബ്ബിലെ സോൾഷ്യറിന്റെ ഭാവി തീരുമാനിക്കപ്പെടുക.
അതേ സമയം, ആരാധകരെ ഒരു തരത്തിലും തൃപ്തിപ്പെടുത്തുന്നതല്ല 2021-22 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനങ്ങൾ. പ്രീമിയർ ലീഗിൽ ഇക്കുറി 11 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ റെഡ് ഡെവിൾസിന് 5 മത്സരങ്ങളിൽ മാത്രമാണ് വിജയം നേടാനായത്. നിലവിൽ 17 പോയിന്റ് മാത്രമുള്ള അവർ ലീഗിലെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ഇപ്പോളുള്ളത്.