റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിച്ചതിലുള്ള തന്റെ പങ്കിനെക്കുറിച്ച് വെളിപ്പെടുത്തി അലക്സ് ഫെർഗൂസൻ

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നതിനോട് അടുത്തിരുന്ന പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിൽ തന്റെ ഇടപെടലുമുണ്ടായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് വിഖ്യാത പരിശീലകൻ സർ അലക്സ് ഫെർഗൂസൻ. റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിക്കായി കളിക്കുന്നത് തനിക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന ഫെർഗൂസൻ അതു കൊണ്ടാണ് അദ്ദേഹത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടികൾ തങ്ങൾ സ്വീകരിച്ചതെന്നും താരത്തിന്റെ ട്രാൻസ്ഫർ കാര്യത്തിൽ താൻ ക്ലബ്ബിന്റെ ഉടമസ്ഥരോട് സംസാരിച്ചിരുന്നതായും കൂട്ടിച്ചേർത്തു.
നേരത്തെ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസ് വിടുമെന്നുറപ്പിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രീമിയർ ലീഗിലെ വമ്പൻ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. താരവുമായി അവർ വ്യക്തിഗത വ്യവസ്ഥകൾ അംഗീകരിച്ചെന്ന് റിപ്പോർട്ടുകളും വന്നിരുന്നു. എന്നാൽ ഈ സമയത്തായിരുന്നു റൊണാൾഡോയുടെ ട്രാൻസ്ഫർ കാര്യത്തിൽ ട്വിസ്റ്റ് സംഭവിച്ചതും താരം മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാറിലെത്തിയതും.
12 വർഷങ്ങൾക്ക് ശേഷം ഓൾഡ്ട്രാഫോഡിലേക്കുള്ള റൊണാൾഡോയുടെ തിരിച്ചു വരവിന് പിന്നിൽ ക്ലബ്ബിൽ മുൻപ് അദ്ദേഹത്തെ പരിശീലിപ്പിച്ചിരുന്ന സർ അലക്സ് ഫെർഗൂസന് നിർണായക പങ്കുണ്ടെന്ന് അന്ന് തന്നെ സൂചനകൾ പുറത്ത് വന്നിരുന്നു. ഇതിനെ പൂർണമായും ശരിവെക്കുന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോളത്തെ വെളിപ്പെടുത്തൽ.
"(റൊണാൾഡോയെ തിരികെ കൊണ്ടു വരുന്നതിൽ) ധാരാളം ആളുകൾ അവരുടേതായ പങ്കു വഹിച്ചു. ക്രിസ്റ്റ്യാനോ ഇവിടെ വരാൻ ശരിക്കും ആഗ്രഹിക്കുന്നുണ്ടെന്ന് മനസിലാക്കി ഞാനും അതിന് വേണ്ട സംഭാവന നൽകി. അത് വളരെ പ്രധാനമായിരുന്നു. അത് വൈകാരികമാണെന്ന് ഞാൻ പറയില്ല. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ ആവേശകരവും, ആശ്വാസകരവുമാണ്. കാരണം അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിക്കുന്നത് എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ആർക്കും അതിന് കഴിയുമെന്നും എനിക്ക് തോന്നുന്നില്ല. അതു കൊണ്ടാണ് അദ്ദേഹം ഇവിടെ വരുമെന്ന് ഉറപ്പു വരുത്താൻ ഞങ്ങൾ നടപടികൾ സ്വീകരിച്ചത്. ഞാൻ ഗ്ലേസേഴ്സിനോട് സംസാരിക്കുകയും (റൊണാൾഡോയുടെ കരാർ കാര്യം) അത് നടക്കുകയും ചെയ്തു." വയാപ്ലേയോട് സംസാരിക്കവെ ഫെർഗൂസൻ പറഞ്ഞു.
അതേ സമയം മുൻപ് ഫെർഗൂസൻ പരിശീലകനായിരുന്നപ്പോളായിരുന്നു 2003ൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ആദ്യമായെത്തിയത്. 2003 മുതൽ 2009 വരെ ഫെർഗൂസന് കീഴിൽ യുണൈറ്റഡിൽ നിറഞ്ഞാടിയ റൊണാൾഡോ മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും, ഒരു ചാമ്പ്യൻസ് ലീഗും അദ്ദേഹത്തിന് കീഴിൽ നേടിയിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.