'എനിക്കു കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല' - പിഎസ്‌ജിയുടെ മുന്നേറ്റ നിരയെ കളിയാക്കി ബ്രൂഗേ ഗോൾകീപ്പർ മിന്യൂലെ

Sreejith N
Club Brugge KV v Paris Saint-Germain: Group A - UEFA Champions League
Club Brugge KV v Paris Saint-Germain: Group A - UEFA Champions League / Sebastian Frej/MB Media/Getty Images
facebooktwitterreddit

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യത്തെ മത്സരത്തിൽ മികച്ച പ്രകടനം നടത്തി പിഎസ്‌ജിയെ സമനിലയിൽ കുരുക്കിയതിനു ശേഷം ഫ്രഞ്ച് ക്ലബിന്റെ മുന്നേറ്റനിരയെ കളിയാക്കുന്ന തരത്തിലുള്ള പ്രതികരണവുമായി ബ്രൂഗേ ഗോൾകീപ്പർ സിമോൺ മിന്യൂലെ. മത്സരത്തിൽ തനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യേണ്ടി വന്നില്ലെന്നാണ് മുൻ ലിവർപൂൾ താരം കൂടിയായ മിന്യൂലെ പറഞ്ഞത്.

ലയണൽ മെസി, നെയ്‌മർ, കെയ്‌ലിയൻ എംബാപ്പെ എന്നിവർ ആദ്യമായി ഒരുമിച്ചിറങ്ങിയ മത്സരത്തിൽ പിഎസ്‌ജി അനായാസ വിജയം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും മറിച്ചാണ് സംഭവിച്ചത്. ആൻഡർ ഹെരേരയിലൂടെ പിഎസ്‌ജി മുന്നിലെത്തിയെങ്കിലും പിന്നാലെ തന്നെ തിരിച്ചടിച്ച ബ്രൂഗേ സമനില ഗോൾ നേടുകയും മത്സരത്തിലുടനീളം പിഎസ്‌ജി ഗോൾമുഖം വിറപ്പിക്കുകയും ചെയ്യുകയുണ്ടായി.

"എനിക്കു കാര്യമായി യാതൊരു പണിയും ചെയ്യാൻ ഉണ്ടായിരുന്നില്ല. ഞങ്ങളൊരു ടീമെന്ന നിലയിൽ വളരെ മികച്ച പ്രകടനമാണ് നടത്തിയത്. അവർക്ക് ഗോളുകൾ നേടാൻ കഴിയുന്ന തരത്തിലുള്ള വലിയ അവസരങ്ങളൊന്നും ഞങ്ങൾ തുറന്നു കൊടുത്തില്ല," മത്സരത്തിനു ശേഷം ബെൽജിയൻ ഗോൾകീപ്പർ പറഞ്ഞു.

"വൺ-ഓൺ-വണ്ണായി അവരെ മാർക്ക് ചെയ്യാൻ കഴിയില്ല. നോക്കാൻ ചുമതല ഏൽപ്പിച്ച താരത്തെ എളുപ്പം കീഴടക്കാനുള്ള കഴിവ് അവർക്കുണ്ട്. ഒറ്റക്കെട്ടായി പ്രതിരോധിച്ച് അവർക്ക് യാതൊരു സ്‌പേസും നൽകാതിരിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ഞങ്ങൾ രണ്ടോ മൂന്നോ സേവുകൾ നടത്തി, അവയൊന്നും അത്ര ബുദ്ധിമുട്ടുള്ളവ ആയിരുന്നില്ല," താരം വ്യക്തമാക്കി.

സമ്മർ ജാലകത്തിൽ പിഎസ്‌ജിയിലേക്കു ചേക്കേറിയ ലയണൽ മെസിയെ സംബന്ധിച്ച് ക്ലബിന്റെ ജേഴ്‌സിയിലുള്ള രണ്ടാമത്തെ മത്സരവും നിരാശയാണ് സമ്മാനിച്ചത്. ചില മികച്ച നീക്കങ്ങൾ താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായെങ്കിലും ടീമുമായി ഇണങ്ങിച്ചേരാത്തതിന്റെ കുറവ് മത്സരത്തിൽ പ്രകടമായിരുന്നു. ലിയോണിനെതിരെ നടക്കുന്ന അടുത്ത ലീഗ് മത്സരത്തിൽ താരം പിഎസ്‌ജി ജേഴ്‌സിയിൽ ആദ്യഗോൾ കുറിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.


facebooktwitterreddit