നിർണായകമായ അത്ലറ്റികോ-ബാഴ്സലോണ പോരാട്ടത്തിനു മുൻപ് കൂമാനു തന്റെ പിന്തുണയറിയിച്ച് സിമിയോണി


ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാനെ സംബന്ധിച്ച് വളരെ നിർണായകമാണ് അത്ലറ്റികോ മാഡ്രിഡുമായി നടക്കാനിരിക്കുന്ന ലാ ലിഗ മത്സരം. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ രണ്ടു തോൽവിയും രണ്ടു സമനിലയും വഴങ്ങിയ ബാഴ്സലോണ ലെവാന്റക്കെതിരെ കൂടി വിജയം നേടിയില്ലെങ്കിൽ ഡച്ച് പരിശീലകനെ സംബന്ധിച്ച് അതു ബാഴ്സയിലെ അവസാനത്തെ മത്സരമായിരിക്കാൻ സാധ്യതയുണ്ട്.
അതേസമയം മത്സരത്തിനു മുൻപ് റൊണാൾഡ് കൂമാനു തന്റെ എല്ലാ വിധ പിന്തുണയും അത്ലറ്റികോ മാഡ്രിഡ് പരിശീലകനായ ഡീഗോ സിമിയോണി നൽകി. ഈ മത്സരത്തിൽ പരാജയപ്പെട്ടാൽ റൊണാൾഡ് കൂമാനെ ബാഴ്സലോണ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കുമെന്ന ശക്തമായ അഭ്യൂഹങ്ങളെ താൻ ശ്രദ്ധിക്കുന്നില്ലെന്നും സിമിയോണി പറഞ്ഞു.
He has nothing but respect for his opposite number. ?https://t.co/kxpQoSxacK
— MARCA in English (@MARCAinENGLISH) October 2, 2021
"ഞാൻ അഭ്യൂഹങ്ങൾ വായിക്കാറില്ല. കൂമാൻ വളരെയധികം സ്വഭാവമഹിമ കാണിച്ചിരുന്നയാളാണ്, അദ്ദേഹത്തിനു ഞാൻ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഞങ്ങളെല്ലാവരും ബുദ്ധിമുട്ടേറിയ സ്വന്തം സാഹചര്യങ്ങളിൽ ആശങ്കാകുലരാവാറുണ്ട്. കൂമാനും അസ്വസ്ഥമായ ഒരു സാഹചര്യത്തിലാണ് ഇപ്പോഴുള്ളതെന്നറിയാം. എല്ലാ പരിശീലകരും അദ്ദേഹത്തെ ബഹുമാനിക്കുന്നു, ഞാനുമതെ." മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സിമിയോണി പറഞ്ഞു.
ബാഴ്സലോണ ടീമും കോച്ചിങ് സ്റ്റാഫും വളരെ മികച്ചതാണെന്നും സിമിയോണി പറഞ്ഞു. "കളിക്കാരുടെ കഴിവുകളെക്കുറിച്ചും ഞങ്ങൾ എല്ലായിപ്പോഴും ചിന്തിക്കാറുണ്ട്. ബാഴ്സലോണക്ക് വളരെ മികച്ച സ്ക്വാഡും സ്റ്റാഫുകളുമുണ്ട്. ഇതൊരു വലിയ മത്സരമായതു കൊണ്ടു തന്നെ ഞങ്ങളതിലേക്ക് പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരിക്കയാണ്."
ലയണൽ മെസിയില്ലാത്ത ബാഴ്സയെക്കുറിച്ച് ചിന്തിക്കാൻ താനില്ലെന്നും അത്ലറ്റികോ മാഡ്രിഡ് ടീമിൽ മാത്രമാണ് തന്റെ ശ്രദ്ധയെന്നും സിമിയോണി പറഞ്ഞു. മെസിയടക്കമുള്ള താരങ്ങൾ ടീം വിട്ട ബാഴ്സ മോശം പ്രകടനം കാഴ്ച വെക്കുന്നതിനാൽ ലാ ലിഗ കിരീടപ്പോരാട്ടത്തിൽ നിന്നും അവരെ എഴുതിത്തള്ളാൻ വേണ്ടി കഴിയില്ലെന്നും ആൽബ, ഡെസ്റ്റ്, പിക്വ, പെഡ്രി, ഫാറ്റി, ഡി ജോംഗ്, ഡെംബലെ തുടങ്ങിയ മികച്ച താരങ്ങൾ ടീമിനൊപ്പം ഉണ്ടെന്നും സിമിയോണി കൂട്ടിച്ചേർത്തു.