ലയണൽ മെസിയെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡിന് ചെറിയ സാധ്യത പോലും ഉണ്ടായിരുന്നില്ലെന്ന് സിമിയോണി


എഫ്സി ബാഴ്സലോണ വിട്ട ലയണൽ മെസിയെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡ് ശ്രമിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി പരിശീലകനായ ഡീഗോ സിമിയോണി. മെസിയെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡിന് നേരിയ സാധ്യത പോലും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ലാ ലിഗയിൽ സെൽറ്റോ വിഗോയെ നേരിടുന്നതിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ബാഴ്സലോണയുടെ സാഹചര്യങ്ങളാണ് മെസി ലീഗിൽ നിന്നും പുറത്തു പോകാൻ കാരണമായതെന്നും ബാഴ്സലോണയിലും ലാലിഗയിലും മെസിയുടെ സാന്നിധ്യമുള്ളത് ഞങ്ങളുടെ ലീഗിന് വളരെ വലുതാണെന്നും നിങ്ങൾക്ക് കാണാൻ കഴിയും. എന്നാൽ ഞങ്ങൾ താരത്തോട് സംസാരിച്ചിട്ടില്ലെന്നതും അദ്ദേഹത്തെ സ്വന്തമാക്കാൻ ചെറിയ സാധ്യത പോലും ഉണ്ടായിരുന്നില്ല എന്നതും വളരെ വ്യക്തമാണ്," സിമിയോണി പറഞ്ഞു.
"We weren't talking with him. We didn't have the slightest chance" https://t.co/UY4AalVS1L
— AS English (@English_AS) August 14, 2021
മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ശേഷം ഫുട്ബോൾ ലോകമുണ്ടെന്ന് പ്രീമിയർ ലീഗിലേക്ക് വിരൽ ചൂണ്ടി സിമിയോണി പറഞ്ഞു. "മെസിയും റൊണാൾഡൊയുമില്ലെങ്കിലും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നാണ്. അവർ രണ്ടു പേരുമില്ലെങ്കിലും ഓരോ ടീമിന്റെയും മത്സര ബുദ്ധിയും വളർച്ചയുമാണ് ഒരു ലീഗിനെ മത്സരാത്മകമായി നിലനിർത്തുന്നത്," സിമിയോണി വ്യക്തമാക്കി.
കഴിഞ്ഞ സീസണിൽ സിമിയോണിക്ക് കീഴിൽ രണ്ടാമത്തെ തവണ സ്പാനിഷ് ലീഗ് കിരീടമുയർത്തിയ അത്ലറ്റികോ മാഡ്രിഡ് ഓരോ മത്സരമെന്ന നിലയിലാണ് ലീഗിനെ സമീപിക്കുകയെന്ന് അർജന്റീനിയൻ പരിശീലകൻ വെളിപ്പെടുത്തി. കഴിഞ്ഞ ഒൻപതു വർഷവും ലീഗിനു വേണ്ടി പൊരുതിയ രീതിയിൽ നിന്ന് കൂടുതലായി ഒരു മാറ്റവും ഇത്തവണ വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.