"ടീമിന്റെ പ്രശ്നം വ്യക്തമായി അറിയുമെങ്കിൽ ഞങ്ങളോട് പറയുക"- ഫെലിക്സിനു മറുപടിയുമായി സിമിയോണി


ഈ സീസണിൽ അത്ലറ്റികോ മാഡ്രിഡ് മോശം ഫോമിൽ തുടരുന്നതിന്റെ കാരണം അറിയുമെങ്കിലും അതു പറയാൻ താൽപര്യമില്ലെന്ന ടീമിന്റെ മുന്നേറ്റനിര താരമായ ജോവ ഫെലിക്സിന്റെ വാക്കുകൾക്ക് മറുപടി നൽകി പരിശീലകൻ ഡീഗോ സിമിയോണി. ഫെലിക്സിനു ടീം പതറുന്നതിന്റെ കാരണം അറിയുമെന്ന് ഉറപ്പാണെങ്കിൽ അത് തങ്ങളോട് പറയണമെന്നാണ് സിമിയോണി ആവശ്യപ്പെട്ടത്.
കഴിഞ്ഞ സീസണിൽ ലാ ലിഗ കിരീടം നേടിയ അത്ലറ്റികോ മാഡ്രിഡ് ഈ സീസണിൽ അവസാനം കളിച്ച നാളിൽ മൂന്നു മത്സരങ്ങളും തോറ്റ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തു നിൽക്കുകയാണ്. ടീമിൽ പല അസ്വാരസ്യങ്ങളും ഉണ്ടെന്ന അഭ്യൂഹങ്ങളുടെ ഇടയിലാണ് "ടീമിൽ എന്താണ് പ്രശ്നമെന്ന് നമുക്ക് എല്ലാവർക്കുമറിയാം, അതേക്കുറിച്ചു ഞാൻ പറയുന്നില്ല" എന്നു ഫെലിക്സ് പ്രതികരിച്ചത്.
പോർച്ചുഗൽ താരത്തിന്റെ വാക്കുകളെക്കുറിച്ച് ചോദിച്ചപ്പോൾ സിമിയോണിയുടെ മറുപടി ഇങ്ങിനെയായിരുന്നു. "ജോവോ പറഞ്ഞതിനെക്കുറിച്ച് നിങ്ങൾക്കവനോടു തന്നെ ചോദിക്കാം. ഞാൻ ടീമിന് അനുസൃതമായാണ് ജോലി ചെയ്യുന്നത്. എന്താണ് പ്രശ്നമെന്നു താരത്തിന് അറിയാമെങ്കിൽ അതറിയുന്നത് നല്ല കാര്യമാണ്." മാധ്യമങ്ങളോട് സംസാരിക്കേ സിമിയോണി പറഞ്ഞു.
2019ൽ ബെൻഫിക്കയിൽ നിന്നും അത്ലറ്റികോ മാഡ്രിഡിൽ എത്തിയ ഫെലിക്സ് ഈ സീസണിൽ ഇരുപത്തിയൊന്നു മത്സരങ്ങളിൽ കളിച്ച് വെറും മൂന്നു ഗോളുകൾ മാത്രമാണ് നേടിയത്. അതേസമയം ക്ലബിന്റെ പുതിയ സൈനിങായ ഡാനിയൽ വാസിന് പരിക്കുണ്ടായിട്ടും താരത്തെ കളിപ്പിച്ച തീരുമാനത്തിൽ യാതൊരു പശ്ചാത്താപവും സിമിയോണിക്കില്ലായിരുന്നു.
"ഞാൻ പരിക്കുകളെ കാണുന്നത് ഇങ്ങിനെയാണെന്നത് ഒരു പുതിയ കാര്യമല്ല. വ്യത്യാസം എന്താണെന്നു വെച്ചാൽ ഈ സമയത്ത് താരത്തിനു പരിക്കുണ്ടായിരുന്നു. അതിൽ നിന്നും വേഗത്തിൽ മുക്തനാവട്ടെ. ഒരു താരം വന്നാൽ ഗുരുതരമായി ഒന്നുമില്ലെങ്കിൽ അവർക്ക് കളിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. എന്നാലിത്തവണ അങ്ങിനെ ആയിരുന്നില്ല, പക്ഷെ ഞാനിതാണു എപ്പോഴും ചെയ്യാറുള്ളത്." സിമിയോണി പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.