Football in Malayalam

ലിവർപൂളിനെതിരായ മത്സരത്തിനു ശേഷം ക്ളോപ്പിനു ഹസ്‌തദാനം നൽകാതിരുന്നതിൽ വിശദീകരണവുമായി സിമിയോണി

Sreejith N
Atletico Madrid v Liverpool - UEFA Champions League
Atletico Madrid v Liverpool - UEFA Champions League / Soccrates Images/GettyImages
facebooktwitterreddit

ലിവർപൂളിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം യർഗൻ ക്ളോപ്പിനു ഹസ്‌തദാനം നൽകാതെ മൈതാനം വിട്ട സംഭവത്തിൽ വിശദീകരണവുമായി അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണി. മത്സരത്തിനു ശേഷം ഹസ്‌തദാനം നൽകുന്നത് താൻ ഇഷ്‌ടപ്പെടുന്ന കാര്യമല്ലെന്നും അതുകൊണ്ടാണ് കളിയവസാനിച്ചപ്പോൾ തന്നെ മൈതാനം വിട്ടതെന്നുമാണ് സിമിയോണി പറയുന്നത്.

ആവേശം നിറഞ്ഞ ആദ്യപകുതിയിൽ രണ്ടു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ അന്റോയിൻ ഗ്രീസ്‌മൻ ചുവപ്പുകാർഡ് നേടി പുറത്തുപോയതോടെ മുൻ‌തൂക്കം ലഭിച്ച ലിവർപൂൾ സലായിലൂടെ വിജയഗോൾ നേടുകയായിരുന്നു. മത്സരത്തിൽ പരാജയം വഴങ്ങിയതിന്റെ നിരാശ കൊണ്ടാവാം സിമിയോണിയുടെ പ്രവൃത്തിയെന്ന് ക്ളോപ്പ് അതിനു ശേഷം പറഞ്ഞിരുന്നു.

"അതെനിക്ക് ഇഷ്‍ടമായില്ല, പക്ഷെ സാഹചര്യം വളരെ വ്യക്തമാണ്. എനിക്കദ്ദേഹത്തിനു കൈ കൊടുക്കണം എന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണം, എന്റേതു പോലെത്തന്നെ നല്ലതായിരുന്നില്ല. അടുത്ത തവണ ഞങ്ങൾ കാണുമ്പോൾ തീർച്ചയായും കൈ കൊടുക്കും. അതിൽ കാര്യമൊന്നുമില്ല. അദ്ദേഹത്തിനു ദേഷ്യം വന്നിരിക്കും, എന്നോടല്ല, മത്സരത്തോട്. അതിൽ കൂടുതലായി ഒന്നുമില്ല." ക്ളോപ്പ് പറഞ്ഞു.

അതേസമയം സംഭവത്തിൽ സിമിയോണിയുടെ പ്രതികരണം ഇങ്ങിനെയായിരുന്നു. "ഞാൻ മത്സരത്തിനു ശേഷം ഹസ്‌തദാനം നൽകാറില്ല. അത് വിജയം നേടിയയാൾക്കും തോൽവിയേറ്റു വാങ്ങിയ ആൾക്കും ആരോഗ്യപരമല്ല. അങ്ങിനെയാണ് ഞാനതിനെ കാണുന്നത്. എന്നാൽ ഇപ്പോൾ ഞാനദ്ദേഹത്തെ കാണ്ടാൽ ഹസ്‌തദാനം നൽകുമെന്നു തീർച്ചയാണ്." സിമിയോണി പറഞ്ഞു.

മത്സരത്തിൽ സലായുടെ ഇരട്ടഗോളുകളും നബി കെയ്റ്റയുടെ ഗോളും ലിവർപൂളിന് വിജയം സമ്മാനിച്ചപ്പോൾ അത്ലറ്റികോ മാഡ്രിഡിന്റെ രണ്ടു ഗോളുകളും അന്റോയിൻ ഗ്രീസ്‌മാനാണു നേടിയത്. മത്സരത്തിലെ വിജയത്തോടെ തങ്ങളുടെ അപരാജിത കുതിപ്പ് ഇരുപത്തിയൊന്നു മത്സരങ്ങളായി വർധിപ്പിക്കാൻ ലിവർപൂളിനായി.

facebooktwitterreddit