Football in Malayalam

സ്റ്റിമാക്കിന്റെ ജോലി എളുപ്പമല്ല, സാഫ് വിജയത്തിൽ ഇന്ത്യൻ ടീം പരിശീലകൻ അഭിനന്ദനം അർഹിക്കുന്നുവെന്ന് ശ്യാം ഥാപ്പ

Sreejith N
Derby County v Barnsley - Sky Bet Championship
Derby County v Barnsley - Sky Bet Championship / MB Media/GettyImages
facebooktwitterreddit

നേപ്പാളിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കീഴടക്കി ഇന്ത്യ സാഫ് ചാമ്പ്യൻഷിപ്പ് നേടിയതിൽ പരിശീലകനായ ഇഗോർ സ്റ്റിമാക്ക് അഭിനന്ദനം അർഹിക്കുന്നുവെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ടെക്‌നിക്കൽ കമ്മിറ്റി ചെയർമാനായ ശ്യാം ഥാപ്പ. ടൂർണമെന്റിൽ പതർച്ചയോടെ തുടങ്ങിയ ഇന്ത്യ ആദ്യത്തെ രണ്ടു മത്സരങ്ങളിലും സമനില വഴങ്ങിയെങ്കിലും പിന്നീടു നടന്ന മൂന്നു മത്സരങ്ങളിലും വിജയം നേടിയാണ് കിരീടം സ്വന്തമാക്കിയത്.

ഈ വർഷത്തേതടക്കം എട്ടു തവണ കിരീടം നേടിയിട്ടുള്ള, ഇന്ത്യക്ക് ആധിപത്യമുള്ള ടൂർണമെന്റായ സാഫ് ചാമ്പ്യൻഷിപ്പിൽ ആദ്യ രണ്ടു മത്സരങ്ങളിലും ടീം സമനില വഴങ്ങിയത് ഇഗോർ സ്റ്റിമാക്കിനു നേരെ വലിയ വിമർശനങ്ങൾ ഉയരാൻ കാരണമായിരുന്നു. എന്നാൽ ഇന്ത്യൻ ടീമിനെ മെച്ചപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ സാന്നിധ്യം കൂടുതൽ നേട്ടങ്ങളിലേക്ക് അവരെ നയിക്കുമെന്നാണ് ഥാപ്പ പറയുന്നത്.

"എനിക്കു ടീമിൽ പൂർണമായ വിശ്വാസമുണ്ടായിരുന്നു. ക്ഷമയോടെ തുടരാൻ ഞാൻ എല്ലാവരോടും ആവശ്യപ്പെട്ടു. ആദ്യ രണ്ടു മത്സരങ്ങൾ ഫൈനൽ അല്ല, ഫൈനലിൽ അവർ എന്താണെന്നു കാണിച്ചു തന്നു, നമ്മുടെ രാജ്യത്തിന്റെ പ്രശസ്‌തി ഉയർത്തി. ഞങ്ങൾ ഇപ്പോഴും സാഫ് മേഖലയിൽ ഒന്നാം സ്ഥാനത്താണ്. അവർ നേപ്പാളിനെതിരെ നന്നായി കളിച്ചു, പ്രകടനത്തിൽ ഞാൻ സന്തുഷ്ടനാണ്."

"പരിശീലകനെയും ഞങ്ങൾ അഭിനന്ദിക്കണം. അദ്ദേഹത്തിന്റെ ജോലി എളുപ്പമല്ല. ഇന്ത്യ മോശമായി കളിക്കുമ്പോൾ അദ്ദേഹം വിമർശനങ്ങൾ ഏറ്റുവാങ്ങി. ഇപ്പോൾ അദ്ദേഹം അഭിനന്ദനത്തിന് അർഹനാണ്. കളി മെച്ചപ്പെടുത്തിയ അവർ ഫൈനലിനായി ഏറ്റവും മികച്ച പ്രകടനം കാത്തു സൂക്ഷിച്ചു. പക്ഷെ ഇനിയും ടീമിനെ മെച്ചപ്പെടുത്താൻ കഴിയും." ഥാപ്പ പറഞ്ഞു.

ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം സുനിൽ ഛേത്രി, സുരേഷ് സിങ്, സഹൽ അബ്‌ദുൾ സമദ് എന്നിവരാണ് ഇന്ത്യക്കു വേണ്ടി ഗോളുകൾ നേടിയത്. ടൂർണമെന്റിന്റെ പതിമൂന്നാമത്തെ എഡിഷനിൽ ഇന്ത്യ നേടുന്ന പത്താമത്തെ കിരീടമാണിത്.

facebooktwitterreddit