Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോ ഏതു ജേഴ്‌സിയണിയും? ലഭ്യമായ നമ്പറുകൾ ഇവയാണ്

Sreejith N
Manchester United v Hull City - Premier League
Manchester United v Hull City - Premier League / Jamie McDonald/Getty Images
facebooktwitterreddit

2021 സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ തുടക്കം മുതലുണ്ടായ ആകസ്‌മികതകൾ അവസാനം വരെയും നിലനിർത്തിയാണ് റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്‌ഫർ പൂർത്തിയായത്. മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്നു ഏവരും ഉറപ്പിച്ച ഘട്ടത്തിലാണ് റൊണാൾഡോ ആരാധകർക്ക് സർപ്രൈസ് നൽകി തന്റെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കിയത്.

റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയതോടെ താരം ഏതു ജേഴ്‌സിയാണ് ക്ലബിൽ അണിയുകയെന്ന ചോദ്യവും ആരാധകർക്കിടയിലുണ്ട്. വളരെക്കാലമായി അണിയുന്ന ഏഴാം നമ്പർ ജേഴ്‌സി റൊണാൾഡോയുടെ പേരിനൊപ്പം തന്നെ ചേർത്തു വായിക്കപ്പെടുന്നതാണെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ അതു താരത്തിനു ലഭിക്കാനുള്ള സാധ്യത താരതമ്യേനെ കുറവാണ്.

നിലവിൽ യുറുഗ്വായ് താരമായ എഡിസൺ കവാനിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഏഴാം നമ്പർ ജേഴ്‌സിയുടെ ഉടമസ്ഥൻ. സീസൺ ആരംഭിച്ചു കഴിഞ്ഞാൽ ടീമുകൾ ജേഴ്‌സി നമ്പറിൽ മാറ്റം വരുത്തുക പതിവില്ലാത്ത കാര്യമായതു കൊണ്ടാണ് റൊണാൾഡോ ഏഴാം നമ്പർ ജേഴ്‌സിയണിയാൻ സാധ്യത കുറയുന്നത്. ഇനി ജേഴ്‌സി നമ്പർ മാറ്റണമെങ്കിൽ തന്നെയും അതിനു കവാനിയുടെ സമ്മതവും വേണം. കവാനി ഇതിന് തയ്യാറായാലും റൊണാൾഡോക്ക് ഏഴാം നമ്പർ ജേഴ്‌സി ലഭിക്കുമോ എന്ന കാര്യം സംശയമാണ്.

ഏഴാം നമ്പർ ജേഴ്‌സി കഴിഞ്ഞാൽ റൊണാൾഡോ പ്രധാനമായും പരിഗണിക്കുക ഒൻപതാം നമ്പർ ആയിരിക്കും. റയലിലേക്ക് ചേക്കേറിയ സമയത്ത് റൗളിന്റെ കയ്യിലായിരുന്നു ഏഴാം നമ്പർ എന്നതു കൊണ്ടു തന്നെ റൊണാൾഡോ ഒൻപതാം നമ്പറായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആന്റണി മാർഷ്യൽ അണിയുന്ന ഒൻപതാം നമ്പർ ജേഴ്‌സി താരം ക്ലബ് വിടാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ റൊണാൾഡോക്ക് ലഭിക്കാൻ സാധ്യതയുണ്ട്.

ക്ലബിൽ ലഭ്യമായ മറ്റു ജേഴ്‌സികൾ ബെൻ ഫോസ്റ്റർ, ക്രിസ് സ്മോളിംഗ് എന്നിവർ അവസാനമായി അണിഞ്ഞ പന്ത്രണ്ടാം നമ്പറാണ്. ഇതിനു പുറമെ ഫ്ലാമംഗോയിലേക്ക് ചേക്കേറിയ ആൻഡ്രെസ് പെരേരയുടെ പതിനഞ്ചാം നമ്പറും ഫോസു മെൻസാ അണിഞ്ഞിരുന്ന ഇരുപത്തിനാലാം നമ്പർ, സ്പോർട്ടിങ് ലിസ്ബണിന് വേണ്ടി കളിച്ചപ്പോൾ താൻ അണിഞ്ഞിരുന്ന ഇരുപത്തിയെട്ടാം നമ്പറും ലഭ്യമാണ്.

ലയണൽ മെസി പിഎസ്‌ജിയിൽ അണിയുന്ന മുപ്പതാം നമ്പർ ജേഴ്‌സിയും റൊണാൾഡോയെ സംബന്ധിച്ച് ഒരു സാധ്യതയാണ്. മാറ്റിച്ചിന്റെ മുപ്പത്തിയൊന്നാം നമ്പർ, വാൻ ഡി ബിക്കിന്റെ മുപ്പത്തിനാലാം നമ്പർ, മക്ടോമിനായുടെ മുപ്പത്തിയൊമ്പതാം നമ്പർ എന്നിവയൊഴികെ മുപ്പതുമായി ബന്ധപ്പെട്ട നമ്പറുകളെല്ലാം ലഭ്യമാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit