റൊണാൾഡോക്ക് സഹായിക്കാൻ കഴിയുമെങ്കിലും ടീമിനു ബാലൻസ് ഇല്ലാതായേക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം

Teddy Sheringham Gives Ronaldo Advice To Erik Ten Hag
Teddy Sheringham Gives Ronaldo Advice To Erik Ten Hag / Bryn Lennon/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരം റൊണാൾഡോയെ എങ്ങിനെ ഉപയോഗിക്കണമെന്ന കാര്യത്തിൽ പുതിയ പരിശീലകനായ എറിക് ടെൻ ഹാഗിന് നിർദ്ദേശവുമായി ക്ലബിന്റെ ഇതിഹാസതാരമായ ടെഡി ഷെറിങ്ങ്ഹാം. ക്ലബ്ബിനെ സഹായിക്കാൻ റൊണാൾഡോക്ക് ഇനിയും കഴിയുമെന്നും എന്നാൽ താരത്തിന്റെ പ്രായം കാരണം ടീമിനെ ശരിയായ ബാലൻസ് കണ്ടെത്തുക പ്രയാസമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സമ്മറിൽ ഇറ്റാലിയൻ ക്ലബായ യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ വ്യക്തിപരമായി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിന്റെ ശൈലി താരത്തിനായി മാറ്റേണ്ടി വന്നുവെന്ന വിമർശനം ഉയർന്നിരുന്നു. ടെൻ ഹാഗ് പരിശീലകനായി എത്തിയതോടെ ടീമിൽ റൊണാൾഡോക്ക് അവസരങ്ങൾ കുറയുമെന്ന അഭ്യൂഹങ്ങളുടെ ഇടയിലാണ് ഷെറിങ്ങ്ഹാം തന്റെ നിർദ്ദേശങ്ങൾ നൽകിയത്.

"താരം കരിയറിലെ ഏറ്റവും ഉയർന്ന അവസ്ഥയിലല്ല ഇപ്പോഴുള്ളത്. അതൊരു ബുദ്ധിമുട്ടേറിയ കാര്യമാണ്, കാരണം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് താരത്തെ വേണം, കാരണം ഇപ്പോഴും ഉജ്ജ്വലമായ പ്രകടനം നടത്താൻ താരത്തിന് കഴിയും." ഷെറിങ്ങ്ഹാം ലോർഡ് പിങ്ങിനോടു പറഞ്ഞത് മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് റിപ്പോർട്ടു ചെയ്‌തു.

"ടെൻ ഹാഗിന്റെ കേളീശൈലിയിൽ താരം ഏറ്റവും മികച്ചതായിരിക്കുമോ? അതദ്ദേഹം തന്നെ കണ്ടെത്തിയെടുക്കണം. റൊണാൾഡോ ഒരു സഹായമാണോ അതോ തടസ്സമാണോ ഉണ്ടാക്കുകയെന്ന് പരിശീലകൻ കണ്ടെത്തണം. ഒരു ലോകോത്തര താരമായതിനാൽ തന്നെ റൊണാൾഡോക്ക് സഹായിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ മുൻപുണ്ടായിരുന്ന ചലനവേഗത താരത്തിനൊപ്പോൾ ഇല്ല."

"റൊണാൾഡോ ഏതു തരം കളിക്കാരനാണെന്ന് ഇപ്പോൾ നിങ്ങളോട് പറയാൻ എനിക്കറിയില്ല. താരം ഇപ്പോഴൊരു റൈറ്റ് വിങ്ങറല്ല. നമ്പർ 10 താരവുമല്ല. സെന്റർ ഫോർവേഡുമല്ലാത്ത താരത്തെ വെച്ച് ശരിയായ ബാലൻസ് കണ്ടെത്തുക വളരെ പ്രയാസമുള്ള കാര്യമായിരിക്കും." ഷെറിങ്ങ്ഹാം വ്യക്തമാക്കി.

അതിനിടയിൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന അഭ്യൂഹങ്ങൾ ഉയർന്നു കൊണ്ടിരിക്കുന്നുണ്ട്. ടെൻ ഹാഗിന്റെ പദ്ധതികളിൽ ഇടമില്ലാത്ത താരം തന്റെ മുൻ ക്ലബായ സ്പോർട്ടിങ് ലിസ്ബണിലെക്കോ ഇറ്റാലിയൻ ക്ലബായ റോമയിലേക്കോ ചേക്കേറാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.