ആറാമത്തെ അർജന്റീന താരത്തെ സ്‌ക്വാഡിലെത്തിക്കാൻ ഒരുങ്ങി സ്‌പാനിഷ് ക്ലബ് സെവിയ്യ
By Sreejith N

ഡച്ച് ക്ലബായ ഫെയനൂർദിൽ കളിക്കുന്ന അർജന്റീന പ്രതിരോധ താരം മാർക്കോ സെനെസിയെ ടീമിലെത്തിക്കാൻ സ്‌പാനിഷ് ക്ലബായ സെവിയ്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ട്രാൻസ്‌ഫർ പൂർത്തിയായാൽ നിലവിലെ സെവിയ്യ സ്‌ക്വാഡിന്റെ ഭാഗമായ ആറാമത്തെ അർജന്റീന താരമായിരിക്കും സെനേസി.
കഴിഞ്ഞ സീസണിൽ യുവേഫ കോൺഫറൻസ് ലീഗ് ഫൈനൽ കളിച്ച ടീമാണ് ഫെയനൂർദ്. കലാശപ്പോരാട്ടത്തിൽ റോമയോട് കീഴടങ്ങിയെങ്കിലും സീസണിൽ സെനേസി നടത്തിയ പ്രകടനം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അർജന്റീനയും ഇറ്റലിയും തങ്ങളുടെ ദേശീയ ടീമിൽ താരത്തെ ഉൾപ്പെടുത്താൻ ശ്രമം നടത്തിയപ്പോൾ അർജന്റീനയാണ് വിജയം കണ്ടത്.
Sevilla want to sign Marcos Senesi of Feyenoord. https://t.co/3JwYPCsiSD
— Roy Nemer (@RoyNemer) June 28, 2022
2023ൽ കരാർ അവസാനിക്കാനിരിക്കെയാണ് സെനേസിയെ സ്വന്തമാക്കാൻ സെവിയ്യ ശ്രമിക്കുന്നത്. താരത്തിനായി ഇരുപതു മില്യൺ യൂറോ മാത്രമേ ഡച്ച് ക്ലബ് ആവശ്യപ്പെടുന്നുള്ളൂ എങ്കിലും ജൂൾസ് കൂണ്ടെയെ വിറ്റതിനു ശേഷം മാത്രമേ അവർക്ക് സെനേസിയെ സ്വന്തമാക്കാൻ കഴിയൂവെന്ന് ബ്രൂണോ ഗോൺസാലസ് ഗാർസിയ വെളിപ്പെടുത്തുന്നു.
സെനേസി സെവിയ്യയിലെത്തിയാൽ സ്‌പാനിഷ് ക്ലബിൽ നിലവിൽ കളിക്കുന്ന അർജന്റീന താരങ്ങളുടെ എണ്ണം ആറായി മാറും. ഗോൺസാലോ മോണ്ടിയൽ, ലൂക്കാസ് ഒകാമ്പോസ്, എറിക് ലമേല, മാർക്കോസ് അക്യൂന, പപ്പു ഗോമസ് എന്നിവരാണ് ടീമിൽ ഇപ്പോഴുള്ള മറ്റുള്ള അർജന്റീന താരങ്ങൾ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.