Football in Malayalam

അത്ലറ്റികോ മാഡ്രിഡ് വിട്ടാലും ലൂയിസ് സുവാരസ് ലാ ലിഗയിൽ തന്നെ തുടരും

Sreejith N
CA Osasuna v Club Atletico de Madrid - LaLiga Santander
CA Osasuna v Club Atletico de Madrid - LaLiga Santander / Juan Manuel Serrano Arce/GettyImages
facebooktwitterreddit

ഈ സീസണു ശേഷം അത്ലറ്റികോ മാഡ്രിഡ് വിട്ടാലും ലൂയിസ് സുവാരസ് ലാ ലിഗയിൽ തന്നെ തുടരാൻ സാധ്യത. ഈ സീസൺ അവസാനിക്കുന്നതോടെ കരാർ പൂർത്തിയാകുന്ന താരത്തിന് പുതിയ കരാർ നൽകാൻ അത്ലറ്റികോ മാഡ്രിഡ് ഇതുവരെയും തയ്യാറായിട്ടില്ല എന്നിരിക്കെയാണ് താരം ക്ലബ് വിടാനുള്ള സാധ്യതകൾ വളരെയധികം വർധിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ അത്ലറ്റികോ മാഡ്രിഡിനു ലാ ലിഗ കിരീടം നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിച്ച ലൂയിസ് സുവാരസ് ഈ സീസണിൽ പക്ഷെ അത്ര മികച്ച ഫോമിലല്ല. സുവാരസിനു പകരം അടുത്ത സീസണിൽ പുതിയ സ്‌ട്രൈക്കറെ എത്തിക്കുന്ന കാര്യം അത്ലറ്റികോ ആലോചിക്കുന്നുണ്ടെന്നും ലെവൻഡോസ്‌കി അടക്കമുള്ള താരങ്ങൾ പരിഗണനയിൽ ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

സുവാരസ് അത്ലറ്റികോ മാഡ്രിഡ് വിടാനുള്ള സാധ്യതയുണ്ട് എന്നിരിക്കെ സെവിയ്യയാണ് താരത്തെ ഫ്രീ ഏജന്റായി ടീമിലെത്തിക്കാൻ ആലോചിക്കുന്നതെന്ന് സ്‌പാനിഷ്‌ മാധ്യമം മാർക്ക റിപ്പോർട്ടു ചെയ്യുന്നു. സമീപകാലത്ത് ലാ ലിഗ കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ ലൂയിസ് സുവാരസ് ടീമിന്റെ ഭാഗമായാൽ അതു തന്റെ പ്രൊജക്റ്റിനെ സഹായിക്കുമെന്ന് പരിശീലകൻ ലോപടൂയിയും കരുതുന്നു.

ബാഴ്‌സലോണയുടെ ചരിത്രത്തിലെ തന്നെ മൂന്നാമത്തെ മികച്ച ഗോൾവേട്ടക്കാരനായ ലൂയിസ് സുവാരസ് 283 മത്സരങ്ങളിൽ നിന്നും 195 ഗോളുകളാണ് നേടിയിട്ടുള്ളത്. അത്ലറ്റികോ മാഡ്രിഡിൽ എത്തിയതിനു ശേഷം 72 മത്സരങ്ങളിൽ നിന്നും 32 ഗോളുകളും നേടിയ താരത്തിന് ഇപ്പോൾ സ്ഥിരത കണ്ടെത്താൻ കഴിയുന്നില്ല.

അതേസമയം സെവിയ്യ മാത്രമല്ല ലൂയിസ് സുവാരസിനായി രംഗത്തുള്ളത്. യുറുഗ്വായ് താരത്തിന്റെ മുൻ ക്ലബായ അയാക്‌സ്, ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാൻ എന്നിവരും സുവാരസിനെ ലക്ഷ്യമിടുന്നുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit