Football in Malayalam

അത്ലറ്റിക്കോ മാഡ്രിഡിനെ തോല്പിച്ച് സെവിയ്യ; പ്രവചനാതീതമായി ലാ ലീഗ കിരീടപ്പോരാട്ടം

Sreejith N
Sevilla FC v Atletico de Madrid - La Liga Santander
Sevilla FC v Atletico de Madrid - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

സെവിയ്യക്കെതിരായ ലാ ലീഗ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി അത്ലറ്റികോ മാഡ്രിഡ് വഴങ്ങിയത് ലാ ലിഗ കിരീടപ്പോരാട്ടത്തിനെ ഒന്നുകൂടി അപ്രവചനീയമാക്കിയിട്ടുണ്ട്. ഇപ്പോഴും അത്ലറ്റികോ മാഡ്രിഡ് തന്നെയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നതെങ്കിലും രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായി വെറും മൂന്നു പോയിന്റിന്റെ വ്യത്യാസം മാത്രമേ അവർക്കുള്ളൂ.

അതേസമയം അത്ലറ്റികോയുടെ തോൽവി ഒരു മത്സരം കുറച്ചു കളിച്ച് പോയിന്റ് ടേബിളിൽ മൂന്നാമത് നിൽക്കുന്ന ബാഴ്‌സലോണയുടെ കിരീടപ്രതീക്ഷകളെ ഒന്നുകൂടി ശക്തമാക്കുന്നു. ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ റയൽ വല്ലഡോളിഡിനെ കീഴടക്കാൻ കഴിഞ്ഞാൽ അത്ലറ്റികോ മാഡ്രിഡിന്റെ തൊട്ടു പിന്നിലെത്താൻ ബാഴ്‌സലോണക്ക് കഴിയും.

നിലവിൽ അത്ലറ്റികോ മാഡ്രിഡിന് അറുപത്തിയാറും റയൽ മാഡ്രിഡിന് അറുപത്തിമൂന്നും പോയിന്റുമായാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ നിൽക്കുന്നത്. ഒരു മത്സരം കുറവ് കളിച്ച ബാഴ്‌സലോണക്ക് അറുപത്തിരണ്ടു പോയിന്റാണുള്ളത്. ഇന്ന് രാത്രി നടക്കുന്ന മത്സരം വിജയിക്കാനായാൽ കറ്റാലൻ ക്ലബിന് അത്ലറ്റികോയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറക്കാം.

സീസണിൽ ഇനി റയൽ മാഡ്രിഡുമായും അത്ലറ്റികോ മാഡ്രിഡുമായും ഓരോ മത്സരങ്ങൾ ബാക്കിയുള്ളതു കൊണ്ട് ലാ ലിഗ കിരീടം ആർക്കാണെന്ന് നിശ്ചയിക്കാൻ കഴിയുക ബാഴ്‌സലോണക്കാണ്‌. ഈ രണ്ടു മത്സരങ്ങളുൾപ്പെടെ ഇനിയുള്ള എല്ലാ കളികളിലും വിജയിക്കാൻ കഴിഞ്ഞാൽ കിരീടം ബാഴ്‌സക്ക് നേടാനാകും.

അതേസമയം മുൻനിരയിലുള്ള മൂന്നു ടീമുകൾക്ക് ഭീഷണിയായി സെവിയ്യ നാലാം സ്ഥാനത്തുണ്ട്. ഒന്നാം സ്ഥാനക്കാരുമായി എട്ടു പോയിന്റിന്റെ വ്യത്യാസത്തിൽ നാലാമത് നിൽക്കുന്ന ടീം ചാമ്പ്യൻസ് ലീഗ് യോഗ്യത ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. മുൻനിരയിലുള്ള മൂന്നു ടീമിന്റെയും കിരീടപ്രതീക്ഷ തകർക്കാൻ നിലവിലെ ഫോം വെച്ച് അവർക്ക് കഴിയും.


facebooktwitterreddit