Football in Malayalam

ലയണൽ മെസിയുടെ വേതനമടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏഴു താരങ്ങൾ ജനുവരിയിൽ പിഎസ്‌ജി വിടും

Sreejith N
Paris Saint-Germain v Club Brugge KV: Group A - UEFA Champions League
Paris Saint-Germain v Club Brugge KV: Group A - UEFA Champions League / John Berry/GettyImages
facebooktwitterreddit

കോവിഡ് പ്രതിസന്ധി ക്ലബുകളെ വളരെ സാമ്പത്തികമായി ബാധിച്ച സമയത്തെ ട്രാൻസ്‌ഫർ ജാലകം ആയിട്ടു പോലും ഈ സമ്മർ ജാലകത്തിൽ ചരിത്രത്തിൽ തന്നെയില്ലാത്ത വിധമാണ് സൂപ്പർതാരങ്ങൾ പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. സെർജിയോ റാമോസ്, ഡോണറുമ്മ, വൈനാൾഡാം, ലയണൽ മെസി എന്നിവർ ഫ്രീ ട്രാൻസ്‌ഫറിലും ഹക്കിമി അമ്പതു മില്യൺ യൂറോയിൽ അധികമുള്ള ട്രാൻസ്ഫറിലും ക്ലബിലെത്തിയപ്പോൾ പിഎസ്‌ജി ഫസ്റ്റ് ടീമിൽ നിന്നും സ്ഥിരം ട്രാൻസ്ഫറിൽ പുറത്തു പോയത് മിച്ചൽ ബക്കർ മാത്രമാണ്.

വമ്പൻ താരങ്ങളുടെ വരവും അതിനു പകരം കളിക്കാർ ക്ലബ് വിടാത്തതും മൂലം വേതന ബില്ലിന്റെ കാര്യത്തിൽ പിഎസ്‌ജി പ്രതിസന്ധികൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കയാണ്. ഏതാണ്ട് മുന്നൂറു മില്യൺ യൂറോ താരങ്ങൾക്ക് പ്രതിഫലമായി മാത്രം നൽകേണ്ട സാഹചര്യം പിഎസ്‌ജി അഭിമുഖീകരിക്കുമ്പോൾ അതിൽ 41 മില്യൺ യൂറോ പ്രതിഫലമായി കൈപ്പറ്റുന്ന ലയണൽ മെസി തന്നെയാണ് മുന്നിലുള്ളത്. എന്തായാലും ഈ പ്രതിസന്ധിക്ക് ആക്കം വരുത്താൻ ജനുവരിയിൽ ഏഴു താരങ്ങളെ ഒഴിവാക്കാൻ ഫ്രഞ്ച് ക്ലബ് ഒരുങ്ങുകയാണ്.

മുപ്പത്തിയഞ്ചു താരങ്ങളുള്ള പിഎസ്‌ജി സീനിയർ ടീമിൽ നിന്നാണ് ഏഴു താരങ്ങളെ അവർ ഒഴിവാക്കുന്നതെന്ന് ഇംഗ്ലീഷ് മാധ്യമമായ മിറർ ആണ് റിപ്പോർട്ടു ചെയ്യുന്നത്. അതിൽ ജനുവരിയിൽ ക്ലബ് വിടുമെന്ന് ഉറപ്പുള്ളത് ഗോൾകീപ്പറായ സെർജിയോ റിക്കോയാണ്. അതിനു പുറമെ മുൻ ബാഴ്‌സലോണ മധ്യനിര താരമായ റാഫിന്യ അൽകാൻട്ര എന്നിവർക്കു പുറമെ പ്രതിരോധ നിരയിലുള്ള മൂന്നു കളിക്കാരും ജനുവരിയിൽ ക്ലബ് വിടും.

പ്രതിരോധ താരങ്ങളിൽ കോളിൻ ഡാഗ്‌ബ, ലായ്വിൻ കുർസാവ, അബ്‌ദു ദയല്ലോ എന്നിവരാണ് ജനുവരിയിൽ മറ്റു ക്ലബുകളിലേക്ക് ചേക്കേറാൻ വിധിക്കപ്പെട്ടിരിക്കുന്നത്. ഫ്രാൻസ് U21 ടീമിന്റെ മധ്യനിര താരമായ എറിക് ജൂനിയർ ദിന എരിമ്പേയും ക്ലബ് വിടാൻ തയ്യാറെടുക്കുമ്പോൾ ലിസ്റ്റിലുള്ള പ്രധാന താരം മൗറോ ഇകാർഡിയാണ്. ലയണൽ മെസി, എംബാപ്പെ, നെയ്‌മർ സഖ്യം കളിക്കുമ്പോൾ മുന്നേറ്റനിരയിൽ ഇകാർഡിക്ക് അവസരങ്ങൾ വളരെ കുറവാണ്.

അതേസമയം വിന്റർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജി ഏതെങ്കിലും താരത്തെ സ്വന്തമാക്കുമോ എന്ന കാര്യം ഇതുവരെയും വ്യക്തമല്ല. നിലവിലെ പിഎസ്‌ജിയുടെ പ്രകടനം വിശകലം ചെയ്യുന്നവർ ആവർത്തിച്ചു പറയുന്നത് ക്രിയാത്മകതയോടെ കളിക്കുന്ന ഒരു മധ്യനിര താരത്തിന്റെ അഭാവം ടീമിലുണ്ടെന്നാണ്. അതു പരിഗണിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ ഈ സീസണോടെ അവസാനിക്കുന്ന പോഗ്ബയെ അവർ ടീമിലെത്തിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit