Football in Malayalam

മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമുള്ള ചരിത്രനേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഗ്വാർഡിയോള, ടീമിന്റെ പ്രകടനത്തിനു പ്രശംസ

Sreejith N
Chelsea v Manchester City - Premier League
Chelsea v Manchester City - Premier League / Catherine Ivill/Getty Images
facebooktwitterreddit

തോമസ് ടുഷെൽ ചെൽസി പരിശീലകനായി എത്തിയതിനു ശേഷം അദ്ദേഹത്തിന്റെ ടീമിനെതിരെ കളിച്ചപ്പോഴെല്ലാം തോൽവി നേരിടാനായിരുന്നു ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയുടെ വിധിയെങ്കിലും ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തോടെ അതു തിരുത്തിയെഴുതാൻ കാറ്റലൻ കൊച്ചിന് കഴിഞ്ഞു. ചെൽസിയുടെ മൈതാനത്ത് അവർക്കു മേൽ ആധിപത്യം പുലർത്തിയാണ് മാഞ്ചസ്റ്റർ സിറ്റി ഇന്നലത്തെ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം സ്വന്തമാക്കിയത്.

മത്സരത്തിലെ വിജയത്തിനോടൊപ്പം മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ചരിത്രം കുറിക്കാനും പെപ് ഗ്വാർഡിയോളക്ക് കഴിഞ്ഞിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയെ ഏറ്റവുമധികം വിജയങ്ങളിലേക്ക് നയിച്ച പരിശീലകനെന്ന നേട്ടമാണ് ഇന്നലത്തെ വിജയത്തോടെ പെപ് ഗ്വാർഡിയോളയെ തേടിയെത്തിയത്. തന്റെ സ്വകാര്യ നേട്ടത്തിലും ടീം ചെൽസിക്കെതിരെ നടത്തിയ പ്രകടനത്തിലും മത്സരത്തിനു ശേഷം ഗ്വാർഡിയോള സന്തോഷം പ്രകടിപ്പിച്ചു.

"എന്റെ താരങ്ങൾ ഇന്നു അങ്ങേയറ്റം മികച്ചതായിരുന്നു. ഈ സ്റ്റേഡിയത്തിൽ, ഈ എതിരാളിക്കെതിരെ ഞങ്ങൾ ചെയ്‌തതിൽ എനിക്ക് അഭിമാനമുണ്ട്. ഞങ്ങൾ ഞങ്ങളുടെ മത്സരമാണ് ഇവിടെ കളിച്ചത്. ചില സമയങ്ങളിൽ എതിരാളികൾ കൂടുതൽ മികച്ചു നിൽക്കുമ്പോൾ അതിനു കഴിയാറില്ല. എന്നാൽ ഞങ്ങൾക്ക് നല്ല രീതിയിൽ പ്രസ് ചെയ്യാൻ കഴിഞ്ഞതിനാൽ അവർക്ക് പിന്നിൽ നിന്നും ആക്രമണങ്ങൾ മെനഞ്ഞെടുക്കാൻ കഴിഞ്ഞില്ല." ബിടി സ്പോർട്ടിനോട് ഗ്വാർഡിയോള പറഞ്ഞു.

തന്റെ സ്വന്തം റെക്കോർഡിനെ കുറിച്ചും ഗ്വാർഡിയോള പ്രതികരിച്ചു. "സിറ്റിക്കൊപ്പമുള്ള വിജയങ്ങളുടെ റെക്കോർഡ് കുറിച്ചത് എനിക്ക് അഭിമാന നേട്ടമാണ്. ഞങ്ങളതു സ്റ്റാഫോം ബ്രിഡ്‌ജിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കൾക്ക് എതിരെയാണ് ചെയ്‌തത്‌. ഇതെനിക്ക് മാത്രമല്ല, ക്ലബിനും അഭിമാന നേട്ടമാണ്." പെപ് ഗ്വാർഡിയോള വ്യക്തമാക്കി.

പ്രീമിയർ ലീഗിൽ ലിവർപൂളിനു പിന്നിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത രണ്ടു മത്സരങ്ങൾ വമ്പൻ ടീമുകളുമായാണ്. ചാമ്പ്യൻസ് ലീഗിലെ അടുത്ത മത്സരത്തിൽ പിഎസ്‌ജിയെ നേരിടുന്ന അവർ അതിനു ശേഷം പ്രീമിയർ ലീഗിൽ ലിവർപൂളിന്‌ എതിരെയും കളിക്കും.

facebooktwitterreddit