Serie A

പോയിന്റ് നില തുല്യമായാൽ കിരീടജേതാക്കളെ തീരുമാനിക്കാൻ മറ്റു ലീഗുകളിൽ നിന്നും വ്യത്യസ്‌തമായ രീതിയുമായി സീരി എ

Sreejith N
Serie A To Use Playoff To Decide Title Champions If Teams Finish Level
Serie A To Use Playoff To Decide Title Champions If Teams Finish Level / TIZIANA FABI/GettyImages
facebooktwitterreddit

ലീഗിൽ ഒന്നിലധികം ടീമുകൾ ഒരേ പോയിന്റ് നിലയിൽ സീസൺ പൂർത്തിയാക്കിയാൽ കിരീടജേതാക്കളെ തീരുമാനിക്കാൻ മറ്റു ലീഗുകളിൽ നിന്നും വ്യത്യസ്‌തമായ രീതിയുമായി സീരി എ. ടീമുകൾ തമ്മിലുള്ള പോയിന്റ് നില തുല്യമായാൽ ആ ടീമുകൾ തമ്മിൽ പ്ലേ ഓഫ് മത്സരം കളിച്ച് വിജയിയെ കണ്ടെത്തുകയെന്ന രീതിയാണ് ഇനി മുതൽ സീരി എയിൽ നടപ്പിലാക്കുക.

സാധാരണയായി യൂറോപ്പിലെ ലീഗുകളിൽ ഒന്നിലധികം ടീമുകൾ ഒരേ പോയിന്റ് നിലയിൽ എത്തിയാൽ ഗോൾ വ്യത്യാസം, ഹെഡ് ടു ഹെഡ് എന്നിവയാണ് പ്രധാനമായും ജേതാക്കളെ തീരുമാനിക്കാൻ ഉപയോഗിക്കുക. ഇതിനു മുൻപുള്ള സീസണുകളിൽ സീരി എയിൽ ഹെഡ് ടു ഹെഡ് അടിസ്ഥാനത്തിൽ ആയിരുന്നു ഇത് നടപ്പിൽ വരുത്തിയിരുന്നത്. എന്നാൽ അടുത്ത സീസൺ മുതൽ ഇതിൽ മാറ്റം വരുത്താൻ എഫ്ഐജിസി തീരുമാനിക്കുകയായിരുന്നു.

പ്ലേ ഓഫ് മത്സരങ്ങൾ സംഘടിപ്പിക്കുമ്പോൾ മത്സരം തൊണ്ണൂറു മിനുട്ട് പൂർത്തിയായാൽ എക്‌സ്ട്രാ ടൈം ഉണ്ടായിരിക്കില്ല. നേരിട്ട് പെനാൽറ്റി ഷൂട്ടൗട്ട് നടത്തി അതിലൂടെയാവും വിജയിയെ തീരുമാനിക്കുക. അതേസമയം പുതിയ നിയമം പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമുകൾക്ക് മാത്രമാകും ബാധകം. മറ്റു ടീമുകൾ പോയിന്റ് നില തുല്യമായാൽ ഹെഡ് ടു ഹെഡ് രീതിയിൽ തന്നെ മുന്നിലെത്തുന്ന ടീമിനെ തീരുമാനിക്കും.

ഇതിനു മുൻപ് ഒരു തവണ മാത്രമാണ് സീരി എ ജേതാക്കളെ പ്ലേ ഓഫ് മത്സരത്തിലൂടെ തീരുമാനിച്ചിരിക്കുന്നത്. 1964ൽ റോമിൽ വെച്ചു നടന്ന മത്സരത്തിൽ ഇന്റർ മിലാനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി ബൊളോഗ്നയാണ് കിരീടം നേടിയത്. കഴിഞ്ഞ സീസണിൽ ഒന്നാം സ്ഥാനക്കാരായ എസി മിലാനും രണ്ടാം സ്ഥാനക്കാരായ ഇന്ററും തമ്മിൽ രണ്ടു പോയിന്റ് വ്യത്യാസമാണ് ഉണ്ടായിരുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit