റൊണാൾഡോ യുവന്റസ് വിട്ടതോടെ സീരി എ കിരീടം ഇന്റർ നിലനിർത്താനുള്ള സാധ്യത വർധിച്ചുവെന്ന് വിയേരി


ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയതോടെ സീരി എ കിരീടം കിരീടം നേടാനുള്ള ഓൾഡ് ലേഡിയുടെ സാധ്യതകൾ മങ്ങിയെന്ന് മുൻ ഇറ്റാലിയൻ താരമായ ക്രിസ്റ്റ്യൻ വിയേരി. ഡിബാല, മൊറാട്ട, ചിയേസ സഖ്യത്തിന് യുവന്റസിന് കിരീടം സ്വന്തമാക്കി നൽകാനുള്ള കരുത്തുണ്ടെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഈ സീസണിൽ ഇന്റർ തന്നെ കിരീടം നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഒൻപതു വർഷം തുടർച്ചയായി സീരി എ കിരീടം സ്വന്തമാക്കിയ യുവന്റസിനു പക്ഷെ ആന്ദ്രേ പിർലോ പരിശീലകനായ കഴിഞ്ഞ സീസണിൽ ആ നേട്ടം ആവർത്തിക്കാൻ കഴിഞ്ഞില്ലായിരുന്നു. കൊണ്ടെയുടെ കീഴിൽ ഇന്റർ കിരീടം നേടിയതിനു പിന്നാലെ അവർ അല്ലെഗ്രിയെ പരിശീലകനായി നിയമിക്കുകയും ചെയ്തു. എന്നാൽ റൊണാൾഡോയില്ലാതെ ഇറ്റാലിയൻ ലീഗിൽ കരുത്തു കാണിക്കാൻ യുവന്റസിന് കഴിയില്ലെന്നാണ് വിയേരി ഉറച്ചു വിശ്വസിക്കുന്നത്.
"ആരാണ് സീരി എ വിജയിക്കുകയെന്നോ? ക്രിസ്റ്റ്യാനോ റൊണാൾഡോ ഇവിടം വിടുന്നതിനു മുൻപ് ഞാൻ പറഞ്ഞിരുന്നത് യുവന്റസിന്റെ ആക്രമണം കരുത്തുറ്റതാണെന്നും യുവന്റസ് കരുത്തരായ ടീമാണെന്നുമാണ്. എന്നാൽ നിലവിൽ ഞാൻ ഇന്ററിനെയാണ് മുന്നിൽ വെക്കുന്നത്. ഡിബാല, മൊറാട്ട, ചിയേസ സഖ്യം കൂടുതൽ മികവു കാണിക്കുമെന്ന വർത്തമാനങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല."
"റൊണാൾഡോ പോയതോടെ അതിനേക്കാൾ മികച്ചൊരു താരത്തെ അവർക്ക് ലഭിക്കില്ല. റൊണാൾഡോ നേടിയതിന്റെ അത്രയും ഗോളുകൾ നേടാൻ കഴിയുന്ന താരമാകണമത്. കീൻ? ഞാനങ്ങനെ കരുതുന്നില്ല, എന്നാൽ ചാമ്പ്യൻഷിപ്പ് പൂർത്തിയായതിനു ശേഷമേ അക്കാര്യത്തിൽ വിലയിരുത്തൽ സാധ്യമാകൂ," ഗസറ്റ ഡെല്ല സ്പോർട്ടിനോട് വിയേരി പറഞ്ഞു.
കഴിഞ്ഞ സീസണിൽ നഷ്ടമായ കിരീടം നിലനിർത്താൻ ഇറങ്ങുന്ന യുവന്റസിന് മോശം തുടക്കമാണ് ഈ സീസണിൽ ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിൽ യുഡിനെസിനെതിരെ സമനില വഴങ്ങിയ ടീം രണ്ടാമത്തെ മത്സരത്തിൽ സ്വന്തം മൈതാനത്ത് എംപോളിയോട് പരാജയപ്പെട്ടു. എന്നാൽ അല്ലെഗ്രിയുടെ കീഴിൽ തിരിച്ചുവരാൻ ടീമിന് കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.