Football in Malayalam

എനിക്ക് 15 വയസാണെന്ന് പറഞ്ഞപ്പോൾ റാമോസ് അത്ഭുതപ്പെട്ടു - ലാ ലിഗയിൽ റെക്കോർഡ് നേട്ടം കുറിച്ച അർജന്റീന താരം പറയുന്നു

Sreejith N
RCD Mallorca v Girona - La Liga SmartBank
RCD Mallorca v Girona - La Liga SmartBank / Quality Sport Images/Getty Images
facebooktwitterreddit

റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് വെളിപ്പെടുത്തി ലാ ലിഗയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയ മയോർക്ക താരം ലൂക്ക റോമെറോ. 15 വയസും 219 ദിവസവും പ്രായമുള്ളപ്പോഴാണ് റയൽ മാഡ്രിഡിനെതിരെ കഴിഞ്ഞ ജൂണിൽ നടന്ന മത്സരത്തിൽ കളത്തിലിറങ്ങി ലൂക്ക റോമെറോ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്.

മെക്‌സിക്കൻ മെസിയെന്ന പേരിലറിയപ്പെടുന്ന ലയണൽ റോമെറോ ജനിച്ചത് മെക്‌സിക്കോയിലാണെങ്കിലും പിതാവിന്റെ മാതൃരാജ്യമായ അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി കളിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ലാ ലിഗയിൽ റെക്കോർഡ് നേട്ടം കുറിച്ച മത്സരത്തിൽ തന്റെ പ്രായം അറിഞ്ഞപ്പോൾ റയൽ മാഡ്രിഡ് നായകൻ അത്ഭുതപ്പെട്ടു പോയെന്നാണ്‌ റോമെറോ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

"ചെറുപ്പത്തിൽ എപ്പോഴും റയൽ മാഡ്രിഡിനും ബാഴ്‌സക്കുമെതിരെ കളിക്കുന്നത് സ്വപ്‌നം കാണുമായിരുന്നു. അതുകൊണ്ടു തന്നെ അവരുടെ താരങ്ങളുമായി അടുത്തിടപഴകിയത് മനോഹരമായ അനുഭവമായിരുന്നു," പ്രമുഖ കായിക മാധ്യമമായ ഗോളിന്റെ നെക്സ്റ്റ് ജെനെറേഷൻ താരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചതിനു ശേഷം റോമെറോ പറഞ്ഞു.

"സെർജിയോ റാമോസുമായി ഞാൻ സംസാരിച്ചപ്പോൾ അദ്ദേഹം എന്റെ പ്രായം എത്രയാണെന്ന് ചോദിച്ചു. ഞാൻ പതിനഞ്ചു വയസാണെന്നു പറഞ്ഞപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടു," റോമെറോ പറഞ്ഞു. റെക്കോർഡ് നേട്ടം കുറിക്കുമ്പോൾ തനിക്ക് എത്ര പ്രായമായിരുന്നു എന്ന് വ്യക്തമായി അറിയില്ലായിരുന്നുവെന്നും ആ മത്സരത്തിലെയും ആദ്യ ഗോൾ നേടിയ മത്സരത്തിലെയും ജേഴ്‌സി സൂക്ഷിച്ചു വെക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

മെക്‌സിക്കൻ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ താരത്തെ ദേശീയ ടീമിൽ ചേർക്കാൻ ശ്രമിച്ചെങ്കിലും അർജന്റീനയെ തന്നെ താരം തിരഞ്ഞെടുക്കുകയായിരുന്നു. പാബ്ലോ ഐമാർ പരിശീലിപ്പിക്കുന്ന U17 ടീമിനൊപ്പം തന്നെ ചേരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ലൂക്ക റോമെറോ.


facebooktwitterreddit