Football in Malayalam

റയൽ മാഡ്രിഡിലേക്ക് ചേക്കേറരുത്, എംബാപ്പ പിഎസ്‌ജിയിൽ തന്നെ തുടരണമെന്ന് സെർജിയോ റാമോസ്

Sreejith N
Paris Saint Germain v AS Monaco - Ligue 1 Uber Eats
Paris Saint Germain v AS Monaco - Ligue 1 Uber Eats / Xavier Laine/GettyImages
facebooktwitterreddit

അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടാൻ പോകുന്നത് പിഎസ്‌ജി താരമായ കിലിയൻ എംബാപ്പയുടെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട വാർത്തകൾ ആയിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരത്തെ ഫ്രീ ട്രാൻസ്‌ഫറിൽ സ്വന്തമാക്കാൻ യൂറോപ്പിലെ മുൻനിര ക്ലബുകൾക്ക് അവസരമുണ്ടെന്നതാണ് അതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകളാണ് നിലവിൽ ശക്തമായി നിലനിൽക്കുന്നത്. ഇക്കഴിഞ്ഞ സമ്മറിൽ തന്നെ താരത്തിനായി റയൽ മാഡ്രിഡ് രംഗത്തു വരികയും ചെയ്‌തിരുന്നു. എന്നാൽ താരം മറ്റു ക്ളബുകളിലേക്ക് ചേക്കേറരുതെന്നും പിഎസ്‌ജിയിൽ തന്നെ തുടരണം എന്നുമാണ് കഴിഞ്ഞ ദിവസം മാഡ്രിഡിൽ തന്റെ ജിംനേഷ്യത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ മുൻ റയൽ നായകനായ സെർജിയോ റാമോസ് പറഞ്ഞത്.

"എംബാപ്പെ ഈ ജിമ്മിലെ ഇടപാടുകാരൻ ആയിരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഞാൻ ഏറ്റവും മികച്ച താരങ്ങളുടെ ഇടയിൽ നിൽക്കാൻ തന്നെയാണ് ഇഷ്‌ടപ്പെടുന്നത്. ഇപ്പോഴും ഭാവിയിലും പിഎസ്‌ജിയുടെ പ്രധാനപ്പെട്ട താരമാണ് എംബാപ്പെ. താരം എന്റെ ടീമിൽ തന്നെ തുടരണം എന്നാണു ഞാൻ കരുതുന്നത്." സെർജിയോ റാമോസ് പറഞ്ഞു.

അതേസമയം തന്റെ ഭാവിയെ സംബന്ധിച്ച് ഇതുവരെയും ഒരു തീരുമാനവും നിലവിൽ ഫ്രഞ്ച് താരം എടുത്തിട്ടില്ല. എംബാപ്പയുടെ കരാർ പുതുക്കാൻ പിഎസ്‌ജി ശ്രമം നടത്തുന്നുണ്ട് എങ്കിലും അതിനോട് ഇതുവരെയും അനുകൂലമായ നിലപാട് താരം സ്വീകരിച്ചിട്ടില്ല. ഈ സീസണു ശേഷം പിഎസ്‌ജിയുടെ പ്രകടനം കണക്കാക്കിയാവും താരം തന്റെ ഭാവിയുടെ കാര്യത്തിൽ നിലപാടു സ്വീകരിക്കുക എന്നാണു റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit