സെർജിയോ റാമോസ് ഈ മാസം പിഎസ്ജിക്കു വേണ്ടി അരങ്ങേറ്റം കുറിച്ചേക്കും


സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡിൽ നിന്നും പിഎസ്ജിയിലേക്കു ചേക്കേറി ഇതുവരെയും കളത്തിലിറങ്ങാൻ കഴിയാതിരുന്ന സെർജിയോ റാമോസ് ഈ മാസം തന്നെ ഫ്രഞ്ച് ക്ലബിനു വേണ്ടി തന്റെ ആദ്യ മത്സരം കളിക്കുമെന്നു റിപ്പോർട്ടുകൾ. തുടർച്ചയായ പരിക്കുകൾ മൂലമാണ് മുൻ റയൽ മാഡ്രിഡ് നായകന് ഇതുവരെയും പിഎസ്ജി ജേഴ്സിയിൽ അരങ്ങേറ്റം കുറിക്കാൻ കഴിയാതിരുന്നത്.
ഫ്രഞ്ച് മാധ്യമമായ എൽ'എക്വിപ്പെയുടെ റിപ്പോർട്ടുകൾ പ്രകാരം വരാനിരിക്കുന്ന ഇന്റർനാഷണൽ ബ്രേക്കിനു ശേഷമായിരിക്കും റാമോസ് പിഎസ്ജിയിൽ തന്റെ അരങ്ങേറ്റം കുറിക്കുക. പിഎസ്ജി മെഡിക്കൽ സ്റ്റാഫുകളുടെ അംഗീകാരം ലഭിക്കുകയാണെങ്കിൽ ഇന്റർനാഷണൽ ബ്രേക്കിനു ശേഷം നവംബർ പതിനഞ്ചിനു ആംഗേഴ്സുമായി നടക്കുന്ന മത്സരത്തിൽ റാമോസ് കളത്തിലിറങ്ങും.
Sergio Ramos 'will FINALLY make his PSG debut against Angers' after the international break https://t.co/5cll7hCGnk
— MailOnline Sport (@MailSport) October 3, 2021
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട് എന്നതിനാൽ ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞുള്ള ആദ്യത്തെ മത്സരത്തിൽ നിരവധി പ്രധാന താരങ്ങളെ അണിനിരത്താൻ പോച്ചട്ടിനോക്ക് കഴിയില്ല. ഈ സാഹചര്യത്തിൽ ബ്രസീലിയൻ പ്രതിരോധ താരമായ മാർക്വിന്യോസിനു പകരമാകും പോച്ചട്ടിനോ റാമോസിന് ടീമിൽ ഇടം നൽകുക.
അതേസമയം, സ്പാനിഷ് ലീഗിലെ ബദ്ധശത്രുക്കളായ റയൽ മാഡ്രിഡിന്റെയും ബാഴ്സലോണയുടെയും മുൻ നായകന്മാർ ഒരു ടീമിനു വേണ്ടി കളത്തിലിറങ്ങുന്നതു കാണാൻ ആരാധകർ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. ഇന്റർനാഷണൽ ബ്രേക്കിനു ശേഷം നടക്കുന്ന ആദ്യത്തെ മത്സരത്തിൽ ലയണൽ മെസിക്ക് ഇടം ലഭിക്കില്ലെന്നതു തന്നെയാണ് അതിനു കാരണം.
നിരന്തരമായ പരിക്കുകൾ വേട്ടയാടിയ റാമോസ് അവസാനമായി ഒരു മത്സരം കളിക്കുന്നത് മെയ് അഞ്ചിനു ചാമ്പ്യൻസ് ലീഗ് സെമിയിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ആയിരുന്നു. അതിനു ശേഷം പരിക്കേറ്റ താരത്തിനു യൂറോ കപ്പിനുള്ള സ്പെയിൻ ടീമിലും ഇടം നേടാൻ കഴിഞ്ഞില്ല.