Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്ന റാഫേൽ വരാനെക്ക് സന്ദേശവുമായി സെർജിയോ റാമോസ്

Sreejith N
Real Madrid v Atalanta Bergamo - UEFA Champions League
Real Madrid v Atalanta Bergamo - UEFA Champions League / Soccrates Images/Getty Images
facebooktwitterreddit

റയൽ മാഡ്രിഡ് വിട്ട് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടരികിലെത്തി നിൽക്കുന്ന ഫ്രഞ്ച് പ്രതിരോധതാരം റാഫേൽ വരാനെക്ക് സന്ദേശവുമായി മുൻ റയൽ നായകൻ സെർജിയോ റാമോസ്. 2011 മുതൽ റയലിനു വേണ്ടി ഒരുമിച്ചു കളിച്ച് നിരവധി കിരീടങ്ങൾ സ്വന്തമാക്കിയ ഈ രണ്ടു താരങ്ങളും സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിട്ടിരുന്നു.

സെർജിയോ റാമോസ് റയലുമായുള്ള കരാർ അവസാനിച്ചതോടെ ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്ക് ചേക്കേറിയപ്പോൾ റാഫേൽ വരാനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്. താരവുമായി തത്വത്തിൽ കരാറിലെത്തിയെന്ന് പ്രഖ്യാപിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും കരാർ പൂർത്തിയായതിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ് ഇനി വരാനുള്ളത്.

ഇൻസ്റ്റാഗ്രാമിൽ വരാനെക്കൊപ്പം നിൽക്കുന്ന ചിത്രം സ്റ്റോറിയായി പോസ്റ്റു ചെയ്‌താണ്‌ റാമോസ് സന്ദേശമയച്ചത്. "പ്രിയപ്പെട്ട റാഫ, ഈ വർഷങ്ങളിലെ സൗഹൃദത്തിനും കൂട്ടുകെട്ടിനും വിജയങ്ങൾക്കും എനിക്കു തന്നോട് നന്ദി പറയാനേ കഴിയൂ. വളരെ ആവേശം നൽകുമെന്നുറപ്പുള്ള പുതിയ കാൽവെയ്പ്പിനു എല്ലാ വിധ ഭാവുകങ്ങളും." റാമോസ് കുറിച്ചു. തമ്മിലേറ്റു മുട്ടുകയാണെങ്കിൽ നിങ്ങളുടെ രാജ്യത്തുള്ള ടീമിനെയായിരിക്കും പിന്തുണക്കുകയല്ലേ എന്നും റാമോസ് വരാനെയോട് തമാശരൂപത്തിൽ ചോദിച്ചു.

2011ൽ ഒരുമിച്ചു കളിക്കാൻ ആരംഭിച്ച വരാനെ, റാമോസ് സഖ്യം മൂന്നു ലാ ലിഗയും നാല് ചാമ്പ്യൻസ് ലീഗും നാല് ഫിഫ ലോകകപ്പും മൂന്നു യുവേഫ സൂപ്പർകപ്പും ഒരു കോപ്പ ഡെൽ റേയും സ്വന്തമാക്കിയിട്ടുണ്ട്. തുടർച്ചയായ മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളെന്ന റയലിന്റെ ചരിത്രനേട്ടത്തിൽ ഇവർ രണ്ടു പെരുമായിരുന്നു റയൽ പ്രതിരോധത്തെ നയിച്ചിരുന്നത്.

റാഫേൽ വരാനെയുടെ ട്രാൻസ്‌ഫറിനെ വളരെ പ്രതീക്ഷയോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ കാണുന്നത്. കഴിഞ്ഞ സീസണിൽ പ്രതിരോധത്തിലെ പോരായ്മകളാണ് യുണൈറ്റഡിനെ പുറകോട്ടു വലിച്ചതെങ്കിൽ വരാനെയുടെ വരവ് അതിനെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

facebooktwitterreddit