Football in Malayalam

പിഎസ്‌ജിയിലെത്തിയ ലയണൽ മെസിക്ക് സന്ദേശവുമായി മുൻ റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസ്

Sreejith N
Sergio Ramos and Lionel Messi
Sergio Ramos and Lionel Messi / Photo by Jose Breton/Pics Action/NurPhoto via Getty Images
facebooktwitterreddit

ലയണൽ മെസിയുടെ പിഎസ്‌ജി ട്രാൻസ്‌ഫർ ഫുട്ബോൾ ലോകത്തെ ചിരവൈരികളായിരുന്ന രണ്ടു ടീമുകളുടെ നായകന്മാർ ഒരുമിക്കുന്നതിനു കൂടിയാണ് വഴിയൊരുക്കിയത്. റയൽ മാഡ്രിഡ് നായകനായ സെർജിയോ റാമോസ് ക്ലബുമായി കരാർ പുതുക്കാൻ കഴിയാതെ നേരത്തെ തന്നെ പിഎസ്‌ജിയിലെത്തിയപ്പോൾ ലാലിഗ നിയന്ത്രണങ്ങൾ മൂലം ബാഴ്‌സക്ക് പുതിയ കരാർ നൽകാൻ നൽകാൻ കഴിയാത്തതാണ് മെസിയെ പിഎസ്‌ജിയിലെത്തിച്ചത്.

ചിരവൈരികളായ രണ്ടു ക്ലബുകളിൽ കളിച്ചിട്ടും, കളിക്കളത്തിൽ പല തവണ ഇരുവരും തമ്മിൽ കൊമ്പുകോർത്തിട്ടും ഈ രണ്ടു താരങ്ങളും തമ്മിൽ മികച്ച ബന്ധം നിലനിൽക്കുന്നുണ്ട്. പിഎസ്‌ജിയിലേക്ക് ചേക്കേറിയതിനു പിന്നാലെ നൽകിയ അഭിമുഖത്തിൽ മെസിക്ക് തന്റെ ടീമിൽ ഇപ്പോഴും ഇടമുണ്ടെന്നും താരം ഫ്രഞ്ച് ക്ലബ്ബിലെത്താൻ ആഗ്രഹമുണ്ടെന്നും റാമോസ് പറഞ്ഞിരുന്നു.

ഇപ്പോൾ മെസിയുടെ ട്രാൻസ്‌ഫർ പിഎസ്‌ജി ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കയാണ് റാമോസ്. അടുത്തടുത്തിരിക്കുന്ന മെസിയുടെയും റാമോസിന്റെയും പിഎസ്‌ജി ജേഴ്‌സിയുടെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത്‌ "ഇങ്ങിനെയൊക്കെ സംഭവിക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോ, ശരിയല്ലേ ലിയോ" എന്നാണു റാമോസ് കുറിച്ചത്.

വർഷങ്ങളായി എതിരാളികൾ ആയിരുന്ന റാമോസും മെസിയും ഒരു ക്ലബിന് വേണ്ടി കളിക്കുന്നത് കാണാൻ ആരാധകർ കാത്തിരിക്കയാണെങ്കിലും അതിനു സമയമെടുക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിക്ക് മൂലം ഇതുവരെയും പിഎസ്‌ജിക്ക് വേണ്ടി കളിച്ചിട്ടില്ലാത്ത റാമോസ് കളത്തിലേക്ക് മടങ്ങി വരുന്നത് ഇനിയും വൈകാനാണ് സാധ്യത. അതേസമയം മെസി എന്നാണു പിഎസ്‌ജിയിൽ ആദ്യ മത്സരം കളിക്കുകയെന്നും നിലവിൽ വ്യക്തമല്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit