Football in Malayalam

"എന്റെ ടീമിൽ മെസിക്കെപ്പോഴും സ്ഥാനമുണ്ട്"- ബാഴ്‌സലോണ നായകനോടുള്ള താൽപര്യം വെളിപ്പെടുത്തി റാമോസ്

Sreejith N
Real Madrid CF v FC Barcelona  - La Liga
Real Madrid CF v FC Barcelona - La Liga / Quality Sport Images/Getty Images
facebooktwitterreddit

പതിനാറു വർഷത്തോളം കളിച്ച് ഒട്ടനവധി കിരീടനേട്ടങ്ങൾ സ്വന്തമാക്കിയ ക്ലബായ റയൽ മാഡ്രിഡുമായി വളരെ വൈകാരികമായ അടുപ്പമുള്ള താരമാണ് സെർജിയോ റാമോസ് എങ്കിലും അവരുടെ ചിരവൈരികളായ ബാഴ്‌സലോണയുടെ നായകൻ ലയണൽ മെസിയോടുള്ള ആരാധനക്ക് അതൊന്നും തടസ്സമാകുന്നില്ല. തന്റെ ടീമിൽ എല്ലായിപ്പോഴും അർജന്റീന താരത്തിന് ഇടമുണ്ടാകുമെന്നാണ് മെസിയെക്കുറിച്ച് സെർജിയോ റാമോസ് അടുത്തിടെ പ്രതികരിച്ചത്.

റയലുമായി കരാർ പുതുക്കാതെ ക്ലബ് വിട്ടു പിഎസ്‌ജിയിലേക്ക് ചേക്കേറിയ റാമോസ് ടിഎൻടി സ്പോർട്സുമായി സംസാരിക്കുമ്പോഴാണ് മെസിയെക്കുറിച്ചുള്ള തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ഫ്രീ ഏജന്റായ മെസിയുടെ ബാഴ്‌സലോണ കരാർ ഇനിയും പൂർത്തിയായിട്ടില്ല എന്നിരിക്കെയാണ് മുൻ റയൽ മാഡ്രിഡ് നായകൻ താരത്തെ പ്രശംസിച്ചതെന്നതു ശ്രദ്ധേയമാണ്.

"ഏറ്റവും മികച്ച താരങ്ങളുടെയൊപ്പം കളിക്കാൻ എനിക്കിഷ്ടമാണ്, മെസി ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളുമാണ്. മെസിക്ക് എന്റെ ടീമിൽ എപ്പോഴും ഇടമുണ്ടാകുമെന്ന് ഞാൻ എല്ലായിപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്." റാമോസ് പറഞ്ഞു.

കളിക്കളത്തിൽ എതിരാളികൾ ആയിരുന്നെങ്കിലും മുൻ ബാഴ്‌സലോണ താരമായ നെയ്‌മറുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്നും റാമോസ് പറഞ്ഞു. ബ്രസീലിയൻ താരം എപ്പോഴും തനിക്ക് മെസേജുകൾ അയച്ച് പിഎസ്‌ജിയിലേക്ക് വരാൻ നിർബന്ധിക്കുമായിരുന്നു എന്നും മികച്ച താരങ്ങൾ നമ്മളെ ക്ഷണിക്കുന്നത് വലിയ കാര്യമാണെന്നും റാമോസ് കൂട്ടിച്ചേർത്തു.

പിഎസ്‌ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടമാണു തന്റെ ലക്ഷ്യമെന്ന് റാമോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. റാമോസിനു പുറമെ ഹക്കിമി, ഡോണറുമ്മ, വൈനാൾഡാം എന്നിങ്ങനെ സൂപ്പർതാരങ്ങളെ ടീമിലെത്തിച്ചു ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന പിഎസ്‌ജി അടുത്ത സീസണിൽ മറ്റു വമ്പന്മാർക്കെല്ലാം വെല്ലുവിളി തന്നെയാണ്.

facebooktwitterreddit