Football in Malayalam

മറ്റു ക്ലബുകളുടെ ഓഫർ തഴഞ്ഞ് പിഎസ്‌ജിയെ തിരഞ്ഞെടുത്തതിന്റെ കാരണം നെയ്‌മറാണെന്ന് സെർജിയോ റാമോസ്

Sreejith N
Real Madrid v Paris Saint-Germain: Group A - UEFA Champions League
Real Madrid v Paris Saint-Germain: Group A - UEFA Champions League / David Ramos/Getty Images
facebooktwitterreddit

യൂറോപ്പിലെ നിരവധി വമ്പൻ ക്ലബുകളുടെ ഓഫറുണ്ടായിരുന്നിട്ടും പിഎസ്‌ജിയെ തിരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചത് നെയ്‌മറാണെന്നു വെളിപ്പെടുത്തി സെർജിയോ റാമോസ്. റയൽ മാഡ്രിഡുമായി കരാർ അവസാനിച്ച് ഫ്രീ ഏജന്റായ റാമോസിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, യുവന്റസ് എന്നിങ്ങനെ നിരവധി ക്ലബുകൾ രംഗത്തുണ്ടായിരുന്നു എങ്കിലും താരം ചേക്കേറിയത് ഫ്രാൻസിലേക്കായിരുന്നു.

മുൻ ബാഴ്‌സലോണ താരമായിരുന്നെങ്കിലും നെയ്‌മറുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും താരത്തിനു പുറമെ പിഎസ്‌ജി പ്രസിഡന്റ് നാസർ അൽ ഖേലൈഫി, സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോ എന്നിവരുമായി ട്രാൻസ്ഫറിനു മുൻപേ തന്നെ സംസാരിച്ചിരുന്നുവെന്നുവെന്നും റാമോസ് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പയോട് സംസാരിക്കുമ്പോൾ വ്യക്തമാക്കി.

"പിഎസ്‌ജിയിലേക്ക് ചേക്കേറുന്നതിനു മുൻപ് നെയ്‌മർ എന്നെ ട്രാൻസ്ഫറിനു ബോധ്യപ്പെടുത്തിയിരുന്നു. പുതിയൊരു ക്ലബ്ബിലേക്ക് ചേക്കേറുന്നതിനു മുൻപ് മറ്റുള്ള താരങ്ങളുമായി സംസാരിക്കുന്നത് സഹായിക്കും. ലിയനാർഡോ, അൽ ഖേലൈഫി എന്നിവരുമായും ഞാൻ സംസാരിക്കുകയും പിഎസ്‌ജിയെ തിരഞ്ഞെടുക്കാൻ അവരുടേതായ രീതിയിൽ എന്നെ ബോധ്യപ്പെടുത്തുകയും ചെയ്‌തു."

"നെയ്‌മർ ബാഴ്‌സലോണക്കു വേണ്ടിയും ഞാൻ റയൽ മാഡ്രിഡിനു വേണ്ടിയും കളിച്ചിട്ടുള്ള താരങ്ങളാണെങ്കിലും ഞങ്ങൾ ആറോ ഏഴോ വർഷമായി പരസ്‌പരം സംസാരിക്കാറുണ്ട്. വളരെ മികച്ചൊരു സൗഹൃദവും ഞങ്ങൾക്കിടയിലുണ്ട്."

"അൻപത്തിയൊന്നു വർഷത്തെ പഴക്കമുള്ള, ഇതുവരെയും ചാമ്പ്യൻസ് ലീഗ് നേടിയിട്ടില്ലാത്ത ഒരു ക്ലബ്ബിലേക്കെത്തി അവിടെ നിന്നും കിരീടം നേടുകയെന്നത് ചരിത്രപരമായിരിക്കും. വ്യക്തിപരമായി നോക്കുകയാണെങ്കിൽ അഞ്ചാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുകയെന്നത് എന്നെ സംബന്ധിച്ചും പ്രധാനപ്പെട്ട കാര്യമാണ്." റാമോസ് വ്യക്തമാക്കി.

അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേരിടാനുറപ്പിച്ച് ഇപ്പോൾ തന്നെ നിരവധി വമ്പൻ ട്രാൻസ്ഫറുകൾ പിഎസ്‌ജി പൂർത്തിയാക്കി കഴിഞ്ഞു. റാമോസ്, വൈനാൾടം, ഡോണറുമ്മ എന്നിവരെ ടീമിലെത്തിച്ച പിഎസ്‌ജിയിപ്പോൾ എംബാപ്പയുടെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കയാണ്.


facebooktwitterreddit