Football in Malayalam

എംബാപ്പെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് റയലിൽ തർക്കം, റാമോസ് ക്ലബ് വിടാനുള്ള സാധ്യതകൾ വർധിക്കുന്നു

Sreejith N
Real Madrid v Atalanta  - UEFA Champions League Round Of 16 Leg Two
Real Madrid v Atalanta - UEFA Champions League Round Of 16 Leg Two / Gonzalo Arroyo Moreno/Getty Images
facebooktwitterreddit

പിഎസ്‌ജി സൂപ്പർതാരമായ കെയ്‌ലിയൻ എംബാപ്പയെ ടീമിലെത്തിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താൻ നിലവിലുള്ള താരങ്ങളുടെ പ്രതിഫലം കുറക്കണമെന്ന റയൽ മാഡ്രിഡിന്റെ തീരുമാനത്തിൽ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചത് സെർജിയോ റാമോസ് ക്ലബ് വിടാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇതേച്ചൊല്ലി റയൽ മാഡ്രിഡ് നായകനും ക്ലബ് നേതൃത്വവും തമ്മിൽ തർക്കങ്ങൾ ഉണ്ടായെന്നും സ്‌പാനിഷ്‌ മാധ്യമമായ എഎസ് റിപ്പോർട്ടു ചെയ്യുന്നു.

ജൂണോടെ റയൽ മാഡ്രിഡുമായി കരാർ അവസാനിക്കുന്ന റാമോസ് അടക്കമുള്ള ചില താരങ്ങൾ പത്ത് ശതമാനം പ്രതിഫലം വെട്ടിക്കുറക്കാനുള്ള ക്ലബിന്റെ തീരുമാനത്തെ പിന്തുണക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എംബാപ്പയെ ടീമിലെത്തിക്കുന്നതിനു വേണ്ടി മാത്രമാണ് ഈ പ്രതിഫലം വെട്ടിക്കുറക്കലെന്നും അതിനു സമ്മതിക്കരുതെന്നും റാമോസ് ടീമിലെ സഹതാരങ്ങളോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് നോട്ടമിടുന്ന ഏറ്റവും പ്രധാനപ്പെട്ട താരമാണ് ഫ്രഞ്ച് സ്‌ട്രൈക്കറായ എംബാപ്പെ. എന്നാൽ ലോകഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ താരത്തിനു വേണ്ടിയുള്ള തുക കണ്ടെത്തുക നിലവിലെ സാഹചര്യത്തിൽ റയൽ മാഡ്രിഡിന് എളുപ്പമല്ല. ഇതേത്തുടർന്നാണ് ഫെബ്രുവരിയിൽ താരങ്ങളോട് പത്തു ശതമാനം പ്രതിഫലം കുറക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ നിലവിൽ റാമോസ് അടക്കമുള്ള താരങ്ങൾ ഈ തീരുമാനത്തിന് എതിരാണ്.

ഒരു വർഷം കഴിഞ്ഞാൽ ഫ്രീ ട്രാൻസ്ഫറിൽ ലഭ്യമാകുന്ന ഒരു കളിക്കാരനു വേണ്ടി റയൽ മാഡ്രിഡിലെ മറ്റു താരങ്ങൾ പ്രതിഫലം ത്യജിക്കേണ്ട ആവശ്യമില്ലെന്നാണ് റാമോസിന്റെ നിലപാട്. ഇതേത്തുടർന്നുള്ള തർക്കങ്ങളുടെ ഭാഗമായി റയൽ മാഡ്രിഡുമായി പതിനാറു വർഷം നീണ്ടു നിന്ന തന്റെ ബന്ധം അവസാനിപ്പിക്കാൻ റയൽ മാഡ്രിഡ് നായകൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്. സിറ്റി, പിഎസ്‌ജി, യുവന്റസ് എന്നിങ്ങനെ നിരവധി ക്ലബുകൾ താരത്തിനായി രംഗത്തുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit