പരിക്കിൽ നിന്ന് മുക്തനായി സെർജിയോ റാമോസ്, പിഎസ്ജി അരങ്ങേറ്റം ഉടൻ ഉണ്ടായേക്കും

പരിക്കുകളിൽ നിന്ന് പൂർണമായി മുക്തനായ സ്പാനിഷ് പ്രതിരോധതാരം സെർജിയോ റാമോസ് തന്റെ പിഎസ്ജി അരങ്ങേറ്റം ഈ മാസം തന്നെ കുറിച്ചേക്കും.
കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡിൽ നിന്നും പിഎസ്ജിയിൽ എത്തിയ താരത്തിന് പരിക്ക് മൂലം ഫ്രഞ്ച് ക്ലബിന് വേണ്ടി ഇതുവരെ കളിക്കാൻ സാധിച്ചിട്ടില്ല.
34കാരനായ താരം മുട്ടിനുണ്ടായ പരിക്കിൽ നിന്ന് മുക്തനായി സഹ താരങ്ങളുടെ കൂടെ പരിശീലനം ആരംഭിച്ചിരിക്കുന്നു എന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന റിപോർട്ടുകൾ. വെള്ളിയാഴ്ച ലീഗ് 1ൽ ആങ്കേഴ്സിനെതിരെ നടക്കുന്ന മത്സരത്തിൽ റാമോസ് തന്റെ പിഎസ്ജി അരങ്ങേറ്റം കുറിച്ചേക്കുമെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേ സമയം, പരിക്കിൽ നിന്ന് മുക്തനാവാൻ റാമോസിന് പൂർണ പിന്തുണ നൽകുന്ന പിഎസ്ജി, താരത്തിന്റെ തിരിച്ചു വരവിനായി സമയപരിധി നിശ്ചയിക്കുകയോ, സമ്മർദ്ദം ചെലുത്തുകയോ ചെയ്തിട്ടില്ല.
ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും കളത്തിലിറങ്ങുമ്പോൾ തന്റെ കളി മികവിൽ തിരിച്ചെത്താൻ റാമോസ് കുറച്ച സമയമെടുത്തേക്കും. പരിക്കുകൾ ഏറെ വലച്ച 2021ൽ ഇത് വരെ ഏഴ് മത്സരങ്ങളിൽ മാത്രമാണ് റാമോസ് കളത്തിലിറങ്ങിയിട്ടുള്ളത്.
റാമോസ് പൂർണ ഫിറ്റ്നസ് വീണ്ടെടുത്തതിനാൽ, എപ്പോഴാണ് താരം പിഎസ്ജി അരങ്ങേറ്റം കുറിക്കേണ്ടത് എന്ന തീരുമാനം ഇനി പരിശീലകനായ മൗറീഷ്യോ പോച്ചെട്ടീനോയുടെ കൈകളിലാണ്.