റാമോസിനു തിരിച്ചടി, പിഎസ്ജി അരങ്ങേറ്റം വീണ്ടും വൈകും


റയൽ മാഡ്രിഡിൽ നിന്നും സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്ക് ചേക്കേറിയ സെർജിയോ റാമോസിനു തന്റെ അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നു റിപ്പോർട്ടുകൾ. നേരത്തെ ആങ്കേഴ്സിനെതിരായ ലീഗ് മത്സരത്തിൽ താരം അരങ്ങേറ്റം നടത്തുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനു നിലവിൽ സാധ്യതയില്ലെന്നാണ് പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ റിപ്പോർട്ടു ചെയ്യുന്നത്.
മുപ്പത്തിയഞ്ചുകാരനായ മുൻ റയൽ മാഡ്രിഡ് താരം പരിക്കിൽ നിന്നും മുക്തനായി പരിശീലനം ആരംഭിച്ചെങ്കിലും ടീമിലെ മറ്റു താരങ്ങൾക്കൊപ്പം ട്രെയിനിങ് ആരംഭിച്ചിട്ടില്ലെന്നാണ് ലെ പാരീസിയൻ പറയുന്നത്. എൽ ചിരിങ്കുയിറ്റോയുടെ മാധ്യമ പ്രവർത്തകനായ യുവാൻഫെ സാൻസ് ലെ പാരീസിയന്റെ റിപ്പോർട്ടിനെ ചൊവ്വാഴ്ച ശരി വെക്കുകയും ചെയ്തിരുന്നു.
PSG fans will have to wait a little longer for Ramos' debut https://t.co/SKAaTbT2nC#PSG #Ramos #Angers #Ligue1 #ChampionsLeague #RBLeipzig
— AS English (@English_AS) October 13, 2021
"സെർജിയോ റാമോസ് പരിക്കിൽ നിന്നും മുക്തനായിരിക്കുന്നു. എന്നാൽ വെള്ളിയാഴ്ച അദ്ദേഹം കളിക്കില്ല. മെഡിക്കൽ സ്റ്റാഫിൽ നിന്നും ഓൾ ക്ലിയർ സർട്ടിഫിക്കറ്റ് അദ്ദേഹത്തിനു ലഭിച്ചു എങ്കിലും വളരെക്കാലം പുറത്തിരുന്നതു കൊണ്ട് താരത്തിനും പരിശീലകൻ പോച്ചട്ടിനോക്കും കാര്യങ്ങൾ വേഗത്തിലാക്കണം എന്ന നിർബന്ധമില്ല." യുവാൻഫെ സാൻസ് പറഞ്ഞു.
മുൻപൊരിക്കൽ പരിക്കിൽ നിന്നും മുക്തനായതിനു ശേഷം ട്രെയിനിങ്ങിനു തിരിച്ചെത്തിയപ്പോൾ താരത്തിനു വീണ്ടും പരിക്കേറ്റ കാര്യവും സാൻസ് പറഞ്ഞു. അതുകൊണ്ടു തന്നെ റാമോസിനെ വെച്ചൊരു സാഹസത്തിനു പോച്ചട്ടിനോയും പിഎസ്ജിയും തയ്യാറാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
റിപ്പോർട്ടുകൾ പ്രകാരം അടുത്തു നടക്കാനിരിക്കുന്ന ഫ്രഞ്ച് ലീഗ് മത്സരത്തിനു പുറമെ ആർബി ലീപ്സിഗുമായുള്ള ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിലും റാമോസ് കളിക്കില്ല. താരം എന്നു കളിക്കുമെന്ന കാര്യത്തിൽ പോച്ചട്ടിനോയും പിഎസ്ജിയും വ്യക്തമായ മറുപടിയും നൽകുന്നുമില്ല.