റാമോസടക്കം ആറു താരങ്ങൾ പരിക്കിന്റെ പിടിയിൽ, വമ്പൻ പോരാട്ടങ്ങൾ വരാനിരിക്കെ റയലിന്റെ ആശങ്ക വർദ്ധിക്കുന്നു

Choco Lozano, Sergio Ramos
Real Madrid v Cadiz CF - La Liga Santander | Quality Sport Images/Getty Images

ലാ ലിഗയിൽ ഇന്നലെ കാഡിസിനെതിരെ നടന്ന മത്സരത്തിൽ തോൽവി വഴങ്ങിയതിനു പുറമെ നായകൻ സെർജിയോ റാമോസിനു പരിക്കേറ്റത് റയലിനു തിരിച്ചടിയാകുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ പരിക്കേറ്റ താരത്തിന് പകരം ബ്രസീലിയൻ താരം എഡർ മിലിട്ടാവോയാണ് ഇന്നലെ കളത്തിലിറങ്ങിയത്. ഒരാഴ്ചക്കിടെ ചാമ്പ്യൻസ് ലീഗ്, എൽ ക്ലാസിക്കോ മത്സരങ്ങൾ നടക്കാനിരിക്കെ റാമോസിനു പരിക്കേറ്റത് ടീമിനെ ഒരുക്കുന്ന സിദാന്റെ ആശങ്കകൾ വർധിപ്പിക്കുന്നതാണ്.

റാമോസിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് ഇന്നലത്തെ മത്സരത്തിനു ശേഷം സിദാൻ പറഞ്ഞെങ്കിലും വിശദമായ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവു. കൂടുതൽ പരിക്കേൽക്കാതിരിക്കാനുള്ള മുൻകരുതൽ നടപടിയെന്ന നിലക്കാണ് താരത്തെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത മിലിറ്റാവോയെ ഇറക്കിയത്. എന്നാൽ പരിശോധനകളുടെ വിശദാംശങ്ങൾ പുറത്തു വരാതെ ആരാധകരുടെയും പരിശീലകന്റെയും ടെൻഷൻ അവസാനിക്കില്ലെന്നത് ഉറപ്പാണ്.

ഒരാഴ്ചക്കിടെ രണ്ടു പ്രധാന മത്സരങ്ങൾ നടക്കാനിരിക്കെ റാമോസിനേറ്റ പരിക്ക് സാരമുള്ളതാണെങ്കിൽ അദ്ദേഹത്തിന് തിരിച്ചു വരാൻ വേണ്ടത്ര സമയമുണ്ടാകില്ല. പ്രീ സീസണു ശേഷം റാമോസടക്കം റയൽ മാഡ്രിഡിന്റെ പതിനാലു താരങ്ങൾക്കാണ് ഇത് വരെ പരിക്കേറ്റിരിക്കുന്നത്. നിലവിൽ തന്നെ നായകനു പുറമെ ഈഡൻ ഹസാർഡ്, മരിയാനോ ഡയസ്, മാർട്ടിൻ ഒഡേഗാർഡ്, ഡാനി കർവാഹാൾ, അൽവാരോ ഓഡ്രിയോസോളാ എന്നിവരും പരിക്കിന്റെ പിടിയിലാണെന്നത് റയലിന്റെ തലവേദന കൂട്ടുന്നു.

സമ്മിശ്രമായ തുടക്കമാണ് ഈ സീസണിൽ റയൽ മാഡ്രിഡിന് ലഭിച്ചിരിക്കുന്നത്. ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നുണ്ടെങ്കിലും അഞ്ചു മത്സരങ്ങളിൽ ഒരു തോൽവിയും ഒരു സമനിലയും ടീം വഴങ്ങി. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരു താരത്തെ പോലും സ്വന്തമാക്കാൻ കഴിയാത്തത് തങ്ങളെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കാനുള്ള മത്സരങ്ങൾ കൂടിയായ ചാമ്പ്യൻസ് ലീഗിലും എൽ ക്ലാസിക്കോയിലും വിജയം നേടേണ്ടത് അനിവാര്യതയാണെന്നിരിക്കെയാണ് പരിക്കിന്റെ പ്രശ്നങ്ങൾ ടീമിനെ വലക്കുന്നത്.