ഇനിയും അഞ്ചു വർഷം കളിക്കളത്തിൽ തുടരാമെന്നും പിഎസ്ജിയുമായി കരാർ പുതുക്കാമെന്നും പ്രതീക്ഷയുണ്ടെന്ന് റാമോസ്


ടോപ് ലെവൽ ഫുട്ബോളിൽ ഇനിയും അഞ്ചു വർഷത്തോളം തുടരാൻ കഴിയുമെന്ന ആഗ്രഹമുണ്ടെന്ന് പിഎസ്ജി സൂപ്പർതാരം സെർജിയോ റാമോസ്. ഫ്രഞ്ച് ക്ലബുമായി നിലവിലുള്ള കരാർ പുതുക്കാൻ കഴിയുമെന്ന പ്രതീക്ഷയും ഇക്കഴിഞ്ഞ സമ്മറിൽ റയൽ മാഡ്രിഡ് കരാർ അവസാനിച്ച് ഫ്രീ ട്രാൻസ്ഫറിൽ പിഎസ്ജിയിൽ എത്തിയ മുപ്പത്തിയഞ്ചുകാരനായ താരം പറഞ്ഞു.
കഴിഞ്ഞ സീസണിന്റെ അവസാനം മുതൽ തന്നെ പരിക്കിന്റെ പിടിയിലുള്ള സെർജിയോ റാമോസിന് ഈ സീസണിൽ ഫ്രഞ്ച് ക്ലബിനൊപ്പം ആകെ ഏഴു മത്സരങ്ങൾ മാത്രമേ കളിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഇതേത്തുടർന്ന് സ്പെയിൻ ടീമിനൊപ്പം യൂറോ, നേഷൻസ് ലീഗ് മത്സരങ്ങളും നഷ്ടമായ താരം പക്ഷെ നിലവിലെ സാഹചര്യങ്ങളെ മറികടന്ന് തിരിച്ചു വരാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ്.
Sergio Ramos isn't thinking about retiring any time soon ? pic.twitter.com/ft6RwTI5ua
— GOAL (@goal) April 11, 2022
"ടോപ് ലെവൽ ഫുട്ബോളിൽ നാലോ അഞ്ചോ വർഷത്തോളം തുടരാൻ കഴിയുമെന്നും അതിനു ശേഷം മറ്റൊരു അനുഭവത്തിലേക്ക് പോകാനും ഞാൻ ആഗ്രഹിക്കുന്നു. പിഎസ്ജിയിൽ എനിക്ക് രണ്ടു വർഷങ്ങളുണ്ട്, അതു മൂന്നു വർഷമാക്കാൻ ഞങ്ങൾ ശ്രമിക്കും, അതിനു ശേഷമുള്ളത് നമുക്ക് നോക്കാം. ശാരീരികമായ പ്രശ്നങ്ങൾ ശരിയായാൽ എനിക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോകാൻ കഴിയും."
"മികച്ച കളിക്കാരനെക്കാൾ ലോകത്തിലെ ഏറ്റവും മികച്ച ടീമിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ഫുട്ബോൾ ഒത്തൊരുമിച്ചുള്ള കായികവിനോദമാണ്, ഒരു ടീമെന്ന നിലയിൽ വിജയം നേടുന്നതുമാണ്. ഏറ്റവും മികച്ചതാവുന്നതിനു മുൻപ് ലോക ചാമ്പ്യൻഷിപ്പ്, ചാമ്പ്യൻസ് ലീഗ് എന്നിവയിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാറ്റിനും ടീമിന്റെ പ്രവർത്തനം നിങ്ങൾക്ക് ആവശ്യമാണ്." ആമസോൺ പ്രൈമിനോട് സംസാരിക്കുമ്പോൾ റാമോസ് പറഞ്ഞു.
റാമോസിൻറെ ആഗ്രഹങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും ശാരീരികപരമായി മികച്ചു നിന്നില്ലെങ്കിൽ അതു നടക്കുന്ന കാര്യം സംശയം തന്നെയാണ്. നിരന്തരം പരിക്കുകൾക്ക് വിധേയനാകുന്ന താരം അവസാനമായി ഒരു മത്സരത്തിൽ മുഴുവൻ സമയവും കളിച്ചത് ജനുവരിയിലാണ്. ഈ അവസ്ഥ തുടർന്നാൽ ഖത്തർ ലോകകപ്പിനുള്ള സ്പെയിൻ ടീമിൽ വരെ താരത്തിന് അവസരം നഷ്ടമാകുമെന്നുറപ്പാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.