പിഎസ്ജി ആരാധകരിൽ നിന്നും റാമോസിനും രക്ഷയില്ല, താരത്തെയും കൂക്കിവിളിച്ച് കാണികൾ


ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോടു തോൽവി വഴങ്ങി പിഎസ്ജി പുറത്തായതിനു പിന്നാലെ നടന്ന ലീഗ് മത്സരത്തിൽ സൂപ്പർതാരങ്ങളോട് പിഎസ്ജി ആരാധകർ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയുണ്ടായി. എംബാപ്പെ ഒഴികെയുള്ള താരങ്ങളെല്ലാം പന്തു തൊട്ടപ്പോൾ കൂക്കിവിളിച്ച ആരാധകർ ടീമിൽ നിന്നും ആത്മാർത്ഥമായ പ്രകടനമാണ് ആവശ്യപ്പെടുന്നത് എന്നു വ്യക്തമാണ്.
പരിക്കു മൂലം ഈ സീസണിൽ ഏതാനും മത്സരങ്ങൾ മാത്രം പിഎസ്ജിക്കു വേണ്ടി കളിച്ച റാമോസ് ഇന്നലെ ലോറിയന്റുമായി നടന്ന മത്സരത്തിൽ പകരക്കാരനായി കളത്തിലിറങ്ങിയിരുന്നു. പിഎസ്ജി മികച്ച പ്രകടനം നടത്തി ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയിച്ച മത്സരമായിരുന്നിട്ടു കൂടി ആരാധകരുടെ രോഷത്തിൽ നിന്നും രക്ഷപ്പെടാൻ റാമോസിനു കഴിഞ്ഞില്ല.
Sergio Ramos is the latest player to feel the wrath of the PSG supporters ? #PSG https://t.co/0N7EIrnogh
— MARCA in English (@MARCAinENGLISH) April 3, 2022
മാർക്വിന്യോസിനു പകരക്കാരനായി എഴുപത്തിരണ്ടാമത്തെ മിനുട്ടിലാണ് റാമോസ് കളത്തിലിറങ്ങിയത്. താരം മൈതാനത്ത് ഇറങ്ങിയതിനെ കൂക്കിവിളിയോടെ സ്വീകരിച്ച ആരാധകർ പിന്നീട് റാമോസ് പന്തു തൊടുന്ന സമയത്തെല്ലാം അതാവർത്തിച്ചു. ടീമിൽ റാമോസിന്റെ സാന്നിധ്യം തങ്ങൾക്ക് തൃപ്തികരമല്ലെന്ന വ്യക്തമായ സന്ദേശമാണ് ആരാധകർ നൽകിയത്.
റയൽ മാഡ്രിഡിൽ നിന്നും ഫ്രീ ട്രാൻസ്ഫറിൽ പിഎസ്ജിയിൽ എത്തിയ റാമോസ് പിഎസ്ജിക്കു വേണ്ടി ഇറങ്ങുന്ന ആറാമത്തെ മാത്രം മത്സരമായിരുന്നു ഇന്നലത്തേത്. ജനുവരി 23നു ശേഷം പിന്നീട് ഇപ്പോൾ മാത്രം പിഎസ്ജിക്കു വേണ്ടി കളിക്കാനിറങ്ങിയ 36 വയസുള്ള താരത്തിന്റെ സൈനിങിനെതിരെ ആരാധകർ മാനേജ്മെന്റിനെതിരെ നടത്തിയ പ്രതിഷേധം കൂടിയായി ഇതു കണക്കാക്കാം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.