Football in Malayalam

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ മെസിക്ക് ആശംസകൾ നേർന്ന് സെർജിയോ റാമോസ്

Sreejith N
TOPSHOT-FBL-FRA-LIGUE1-PSG-STRASBOURG
TOPSHOT-FBL-FRA-LIGUE1-PSG-STRASBOURG / BERTRAND GUAY/GettyImages
facebooktwitterreddit

2021 വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കാൻ ലയണൽ മെസിക്ക് ആശംസകൾ നേർന്ന് പിഎസ്‌ജി സഹതാരം സെർജിയോ റാമോസ്. അർജന്റീനിയൻ താരം തന്നെ പുരസ്‌കാരം നേടുമെന്നു പ്രതീക്ഷിക്കുന്നതായും അക്കാര്യത്തിൽ എല്ലാ ഭാഗ്യവും മെസിക്കുണ്ടാവട്ടെയെന്നും റാമോസ് കഴിഞ്ഞ ദിവസം പിഎസ്‌ജിയുടെ ലീഗ് മത്സരത്തിനു ശേഷം പറഞ്ഞു.

ബാഴ്‌സലോണ, റയൽ മാഡ്രിഡ് ക്ലബുകളുടെ നായകന്മാരായിരുന്ന മെസിയും റാമോസും ഇക്കഴിഞ്ഞ സമ്മർ ജാലകത്തിലാണ് ഫ്രഞ്ച് ക്ലബ്ബിലേക്ക് ചേക്കേറിയത്. സെയിന്റ് എറ്റിയെന്നിനെതിരെ കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിൽ ഇരുവരും ആദ്യമായി ഒരുമിച്ച് ഇറങ്ങിയപ്പോൾ പിഎസ്‌ജി ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയവും സ്വന്തമാക്കിയിരുന്നു.

മത്സരത്തിനു ശേഷം ഇഎസ്‌പിഎന്നിനോട് സംസാരിക്കുമ്പോൾ മെസി ഇത്തവണ പുരസ്‌കാരം നേടുമെന്നു കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് റാമോസിന്റെ മറുപടി ഇങ്ങിനെയായിരുന്നു. "അതെ. തീർച്ചയായും. എന്റെ ടീമിലുള്ളവരെ ഞാൻ സംരക്ഷിക്കും. ഞാൻ ലോകത്തെ എല്ലാ സൗഭാഗ്യവും താരത്തിനുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു."

"മെസി നല്ല രീതിയിലാണുള്ളത്, വളരെയധികം വ്യത്യാസം ഉണ്ടാക്കാൻ കഴിയുന്ന താരമാണദ്ദേഹമെന്നു ഞാൻ കരുതുന്നു. അസാധാരണ പ്രതിഭയുള്ള താരം ടീമിലുള്ളത് വലിയൊരു അനുഗ്രഹമാണ്. മെല്ലെമെല്ലെ, ഓരോരുത്തരും ഞങ്ങളുടെ ഗുണങ്ങൾ പുറത്തെടുത്ത് പിഎസ്‌ജിയെ കൂടുതൽ മികച്ച ടീമാക്കുമെന്നും ലക്ഷ്യമിട്ട നേട്ടങ്ങൾ സ്വന്തമാക്കുമെന്നും കരുതുന്നു." റാമോസ് പറഞ്ഞു.

ബാലൺ ഡി ഓർ ഇന്നു പ്രഖ്യാപിക്കാനിരിക്കെ പുരസ്‌കാരം മെസി തന്നെ സ്വന്തമാക്കിയെന്ന റിപ്പോർട്ടുകൾ രണ്ടു ദിവസമായി വളരെ ശക്തമാണ്. പുരസ്‌കാരം ലഭിച്ചാൽ മെസിയുടെ ഏഴാമത്തെ ബാലൺ ഡി ഓർ നേട്ടമായിരിക്കുമത്. ലോകത്തിലെ മറ്റൊരു ഫുട്ബോൾ താരത്തിനും ഭാവിയിൽ ആവർത്തിക്കാൻ കഴിയാത്ത നേട്ടം തന്നെയാണതെന്നതിൽ യാതൊരു സംശയവുമില്ല.

facebooktwitterreddit