സെർജിയോ റാമോസ് റയൽ മാഡ്രിഡ് വിട്ടത് ബാഴ്‌സലോണയിൽ പിക്വക്കു ലഭിക്കുന്ന പ്രതിഫലം നൽകാതിരുന്നതിനാൽ

Real Madrid v FC Barcelona - La Liga Santander
Real Madrid v FC Barcelona - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

റയൽ മാഡ്രിഡിന്റെ നായകനും ക്ലബിന്റെ മുഖവുമായിരുന്ന സെർജിയോ റാമോസ് നിരവധി വർഷങ്ങൾ ക്ലബിനൊപ്പം തുടർന്ന് ഒട്ടനവധി കിരീടനേട്ടങ്ങളിൽ പങ്കാളിയായി കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് ക്ലബ് വിടുന്നത്. റയൽ മാഡ്രിഡുമായി കരാർ പൂർത്തിയായ താരം അതു പുതുക്കാൻ തയ്യാറായിരുന്നു എങ്കിലും ആവശ്യപ്പെട്ട പ്രതിഫലം നൽകാൻ ലോസ് ബ്ലാങ്കോസ് തയ്യാറാവാതിരുന്നതാണ് താരം പിഎസ്‌ജിയിലേക്ക് ചേക്കേറാൻ കാരണമായത്.

സ്‌പാനിഷ്‌ മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ജെറാർഡ് പിക്വക്ക് ബാഴ്‌സലോണയിൽ ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് അറിഞ്ഞതാണ് റയൽ മാഡ്രിഡുമായി സെർജിയോ റാമോസ് അകലാനുള്ള കാരണമായത്. ലൂയിസ് കാനുട്ട് പുറത്തുവിട്ട കണക്കുകളിൽ വർഷത്തിൽ 28 മില്യൺ യൂറോയാണ് പിക്വക്ക് പ്രതിഫലമെന്നാണ് നൽകിയിരിക്കുന്നത്‌. ബാഴ്‌സലോണയും പിക്വയും ഇക്കാര്യം നിഷേധിച്ചുവെങ്കിലും റാമോസിനെ സംബന്ധിച്ച് വലിയൊരു തിരിച്ചറിവായിരുന്നു അത്.

നിരവധി വർഷങ്ങളായി പിക്വക്ക് തന്നെക്കാൾ പ്രതിഫലം ലഭിക്കുന്നുണ്ടെന്നു മനസിലാക്കിയ റാമോസ് അക്കാര്യത്തിൽ അസ്വസ്ഥനായെന്നും പിന്നീട് റയൽ മാഡ്രിഡുമായി നടത്തിയ ചർച്ചകളിലെല്ലാം ബാഴ്‌സലോണ താരത്തിന്റെ പേര് ഉയർന്നു വന്നുവെന്നും സ്പോർട്ട് വ്യക്തമാക്കുന്നു. പിക്വ ഇത്രയധികം തുക വാങ്ങുന്നുണ്ടെങ്കിൽ അതെ തുക തനിക്കും നൽകണമെന്നു റാമോസ് നിരവധി തവണ റയൽ മാഡ്രിഡ് പ്രസിഡന്റായ ഫ്ലോറന്റീനോ പെരസിനോട് ആവശ്യപ്പെടുകയും ചെയ്‌തു.

റയൽ മാഡ്രിഡിന്റെ നായകനായ റാമോസിന്റെ ആവശ്യം ഫ്ലോറന്റീനോ പെരസിനു മേൽ സമ്മർദ്ദം സൃഷ്‌ടിച്ചുവെങ്കിലും മുപ്പത്തിയഞ്ചു വയസുള്ള ഒരു താരത്തിന് പ്രതിഫലം അത്രയും വർധിപ്പിച്ചു നൽകാൻ അദ്ദേഹം തയാറായില്ല. ഇതേത്തുടർന്നാണ് കരാർ പുതുക്കാൻ തയ്യാറാകാതെ സെർജിയോ റാമോസ് റയൽ മാഡ്രിഡ് വിട്ട് ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്ക് ഉയർന്ന പ്രതിഫലം വാങ്ങി ചേക്കേറുന്നത്.

പിഎസ്‌ജിയിൽ എത്തിയ റാമോസിനെ സംബന്ധിച്ച് അത്ര മികച്ച സാഹചര്യമല്ല നേരിട്ടു കൊണ്ടിരിക്കുന്നത്. നിരന്തരമായി പരിക്കിന്റെ പ്രശ്‌നങ്ങൾ അലട്ടുന്ന താരം ഈ സീസണിൽ ആകെ മുന്നൂറു മിനുട്ടുകളോളമാണ് കളിച്ചത്. എന്നാൽ റയൽ മാഡ്രിഡിൽ റാമോസിന്റെ അഭാവം ഏറെക്കുറെ പരിഹരിക്കാൻ എഡർ മിലിറ്റാവോ, ഡേവിഡ് അലബ എന്നിവർക്ക് കഴിഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.