അഭ്യൂഹങ്ങൾക്ക് അവസാനം; സെർജിയോ റാമോസ് പിഎസ്‌ജി വിടില്ലെന്ന് വ്യക്തമാക്കി താരത്തിന്റെ ഏജന്റ്

By Gokul Manthara
FBL-FRA-LIGUE1-PSG-STRASBOURG
FBL-FRA-LIGUE1-PSG-STRASBOURG / GEOFFROY VAN DER HASSELT/GettyImages
facebooktwitterreddit

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമ്മനിലേക്ക് ചേക്കേറിയ താരമാണ് സെർജിയോ റാമോസ്. വലിയ പ്രതീക്ഷകളോടെ പിഎസ്‌ജിയിലെത്തിയ താരത്തിന് പക്ഷേ പരിക്ക് മൂലം‌ ഇതു വരെ അവർക്കായി അരങ്ങേറാൻ കഴിഞ്ഞിട്ടില്ല. പിഎസ്‌ജിയിൽ ഇതു വരെ കരിയർ തുടങ്ങാൻ പോലും കഴിഞ്ഞിട്ടില്ലാത്ത താരവുമായി കരാർ അവസാനിപ്പിക്കാ‌ൻ ക്ലബ്ബ് തയ്യാറാണെന്ന തരത്തിൽ അഭ്യൂഹങ്ങളും അതിനിടെ പുറത്ത് വന്നു. പക്ഷേ ക്ലബ്ബോ താരമോ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോളിതാ ഇത്തരം അഭ്യൂഹങ്ങളെല്ലാം നിഷേധിച്ചു കൊണ്ട് റാമോസിന്റെ ഏജന്റും, അദ്ദേഹത്തിന്റെ സഹോദരനുമായ റെനെ രംഗത്തെത്തിയിരിക്കുന്നു.

ഫിറ്റ്നസ് പ്രശ്നങ്ങൾ മൂലം വിരമിക്കാനോ പാരീസ് സെന്റ് ജെർമ്മനുമായുള്ള കരാർ അവസാനിപ്പിക്കാനോ റാമോസ് ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ താരത്തിന്റെ ഏജന്റ്, ഫിറ്റ്നസ് പ്രശ്നങ്ങൾ ഇല്ലാതാവുന്നതോടെ അദ്ദേഹം കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്നും സ്പാനിഷ് മാധ്യമമായ എൽ മുണ്ടോയോട് സംസാരിക്കവെ വ്യക്തമാക്കി.

"സെർജിയോ റാമോസ് വിരമിക്കാനോ, (പിഎസ്‌ജിയുമായുള്ള) കരാർ ലംഘിക്കാനോ ഉദ്ദേശിക്കുന്നില്ല. അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് യാതൊരു സംശയവുമില്ല. ഇത് ശാരീരികമായ ഒരു പ്രശ്നമാണ്, തനിക്ക് കളിക്കാനാകുമ്പോൾ അദ്ദേഹം അത് ചെയ്യും," റെനെ പറഞ്ഞു.

അതേ സമയം, പിഎസ്‌ജിയിലെത്തിയ 2021-22 സീസണിൽ ഒരു മത്സരം പോലും കളിക്കാനായിട്ടില്ലാത്ത റാമോസിന് റയൽ മാഡ്രിഡിനൊപ്പമുണ്ടായിരുന്ന 2020-21 സീസണിലും ഫിറ്റ്നസ് പ്രശ്നങ്ങളെത്തുടർന്ന് പകുതിയിലധികം മത്സരങ്ങൾ നഷ്ടമായിരുന്നു. ഇക്കഴിഞ്ഞ വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ട്രാൻസ്ഫറിൽ പിഎസ്‌ജിയിലെത്തിയ റാമോസ്, 2 വർഷ കരാറാണ് അവരുമായി ഒപ്പുവെച്ചിരിക്കുന്നത്.


facebooktwitterreddit