സ്പെയിനിന് വേണ്ടി കളിക്കുന്ന അതേ താരം തന്നെയാണ് ബാഴ്സലോണക്കൊപ്പവും താൻ; വിമർശനങ്ങളോട് പ്രതികരിച്ച് ബുസ്ക്വെറ്റ്സ്

സ്പെയിൻ ദേശീയ ടീമിൽ കളിക്കുന്ന അതേ താരം തന്നെയാണ് ബാഴ്സലോണയിൽ കളിക്കുമ്പോളും താനെന്ന് സെർജിയോ ബുസ്ക്വെറ്റ്സ്. ബാഴ്സലോണയിൽ കളിക്കുമ്പോളുള്ളതിനേക്കാൾ മികച്ച പ്രകടനം ദേശീയ ടീമിനായി ബുസ്ക്വെറ്റ്സ് പുറത്തെടുക്കുന്നുണ്ടെന്ന തരത്തിൽ ഉയരുന്ന വാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മധ്യനിര താരമായ ബുസ്ക്വെറ്റ്സ്.
2021-22 സീസണിൽ ബാഴ്സലോണക്കായി കളിക്കുമ്പോൾ തന്റെ സ്വതസിദ്ധമായ പ്രകടനങ്ങൾ പുറത്തെടുക്കുന്നതിന് ബുദ്ധിമുട്ടുന്ന ബുസ്ക്വെറ്റ്സ്, മികച്ച പ്രകടനമാണ് സ്പാനിഷ് ദേശിയ ടീമിന് വേണ്ടി ഈ സീസണിൽ പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്. ക്ലബ്ബിനും, രാജ്യത്തിനും വേണ്ടി കളിക്കുമ്പോൾ താരത്തിന്റെ പ്രകടനങ്ങളിൽ വരുന്ന വ്യത്യാസങ്ങൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയുമായി.
ക്ലബ്ബിനും, രാജ്യത്തിനും വേണ്ടി കളിക്കുമ്പോളുള്ള വ്യത്യസ്ത തലത്തിലുള്ള പ്രകടനങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിനിടെ ബുസ്ക്വെറ്റ്സിന് ചോദ്യം നേരിടേണ്ടിയും വന്നു. ഇത് അതിശയോക്തി കലർന്ന ചോദ്യമാണെന്ന് മറുപടി നൽകിയ ബുസ്ക്വെറ്റ്സ്, രാജ്യത്തിനും, ക്ലബ്ബിനും വേണ്ടി കളിക്കുമ്പോൾ താൻ ഒരേ പോലെ തന്നെയാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
"ഞാൻ അതേ കളിക്കാരനാണ് (രാജ്യത്തിനും ക്ലബ്ബിനും വേണ്ടി). ഇത് അല്പം അതിശയോക്തി കലർന്നതാണെന്ന് ഞാൻ കരുതുന്നു. അത് (പ്രകടനങ്ങൾ) കുറച്ചൊക്കെ മത്സരഫലങ്ങളെ ആശ്രയിച്ചിരിക്കുന്നു. ടീമിന്റെ ഫോമിനെ ആശ്രയിച്ചിരിക്കുന്നു. എല്ലാ ദിവസങ്ങളും പരമാവധി തീവ്രതയോടെ നേരിടാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് കഴിയാവുന്നത്രയും അത് ആസ്വദിക്കാൻ ശ്രമിക്കുന്നു," സ്വീഡനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി സംസാരിക്കവെ ബുസ്ക്വെറ്റ്സ് വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.