ഒബാമയാങ് ഫ്രീ ട്രാൻസ്ഫറിൽ ടീമിലെത്തിയത് ബാഴ്സലോണക്കു ലഭിച്ച സമ്മാനമാണെന്ന് സെർജിയോ ബുസ്ക്വറ്റ്സ്


വലൻസിയക്കെതിരായ ലാ ലിഗ പോരാട്ടത്തിൽ ബാഴ്സലോണ മികച്ച വിജയം നേടിയതിനു പിന്നാലെ മത്സരത്തിലെ ഹീറോയായ പിയറെ എമറിക്ക് ഒബാമയാങ്ങിനെ പ്രശംസിച്ച് ബാഴ്സലോണ നായകൻ സെർജിയോ ബുസ്ക്വറ്റ്സ്. ടോപ് ഫോറിലെത്താൻ വിജയം അനിവാര്യമായിരുന്ന ബാഴ്സലോണ ഒന്നിനെതിരെ നാലു ഗോളുകൾക്ക് വിജയം നേടിയപ്പോൾ മൂന്നു ഗോളുകൾ ഗാബോൺ താരത്തിന്റെ വകയായിരുന്നു.
ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിലാണ് ബാഴ്സലോണയിലേക്ക് ഒബാമയാങ് എത്തുന്നത്. പരിശീലകൻ അർടെട്ടയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ മൂലം ആഴ്സണൽ ടീമിൽ അവസരങ്ങൾ നഷ്ടപ്പെട്ട താരവുമായുള്ള കോണ്ട്രാക്റ്റ് ഗണ്ണേഴ്സ് ടെർമിനേറ്റ് ചെയ്തതോടെ ഫ്രീ ട്രാൻസ്ഫറിലാണ് ഒബാമയാങ് ബാഴ്സയിലേക്ക് ചേക്കേറിയത്. കാറ്റലൻ ക്ലബിനായി നാലാമത്തെ മത്സരത്തിൽ ഇറങ്ങുന്ന താരം ആദ്യമായി വലകുലുക്കുന്നതും ഇന്നലെയാണ്.
Pierre-Emerick Aubameyang finally arrives at Barcelona as Arsenal's transfer 'gift’ revealed. #AFC https://t.co/mHJet0BqYY
— Arsenal FC News (@ArsenalFC_fl) February 20, 2022
"ഒബാമയാങ് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കളിക്കാനുള്ള മിനുട്ടുകൾ ആവശ്യമുള്ളതിനാൽ താരം ഇവിടെയെത്തി, അതിപ്പോൾ ലഭിക്കുന്നു. ഒരു മികച്ച കളിക്കാരനായതിനാൽ അദ്ദേഹം ഞങ്ങളെ സഹായിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. കൂടാതെ ഫ്രീ ട്രാൻസ്ഫറിൽ താരത്തെ ലഭിച്ചത് ഒരു സമ്മാനം കൂടിയാണ്." മത്സരത്തിനു ശേഷം മൂവീസ്റ്റാറിനോട് ബുസ്ക്വറ്റ്സ് പറഞ്ഞു.
അതേസമയം വലൻസിയക്കെതിരായ ആദ്യ രണ്ടു ഗോളുകൾ ഒബാമയാങ് നേടിയതാണെങ്കിലും ഹാട്രിക്ക് ഗോളിൽ താരത്തിന് പങ്കൊന്നുമില്ല. പെഡ്രി ബോക്സിനു പുറത്തു നിന്നുമെടുത്ത ഷോട്ട് ഒബാമയാങ്ങിന്റെ ശരീരത്തിൽ തട്ടി വ്യതിചലിച്ചതിനു ശേഷം ഗോളായി മാറുകയായിരുന്നു. ആദ്യം പെഡ്രിയുടെ പേരിൽ തന്നെയായിരുന്നു ഗോളെങ്കിലും മത്സരത്തിനു ശേഷം റഫറി അത് ഒബാമയാങ്ങിന്റെ പേരിലാക്കി മാറ്റി.
മത്സരത്തിൽ ബാഴ്സലോണക്കായി ആദ്യഗോൾ നേടിയതോടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സ്പാനിഷ് ലീഗ്, ജർമൻ ലീഗ്, പ്രീമിയർ ലീഗ്, ഫ്രഞ്ച് ലീഗ് എന്നിവിടങ്ങളിൽ ഗോൾ കണ്ടെത്തുന്ന നാലാമത്തെ മാത്രം താരമായും ഒബാമയാങ് മാറി. സ്റ്റീവൻ ജോവെട്ടിക്, മിക്കി ബാറ്റ്ഷ്വായ്, ഹാമെസ് റോഡ്രിഗസ് എന്നിവർ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.