മെസിയുടെ വിടവാങ്ങൽ ഒരു ഞെട്ടലായിരുന്നു, എന്നാൽ താരമില്ലാതെ ഞങ്ങൾക്ക് ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയും - ബുസ്ക്വെറ്റ്സ്

By Gokul Manthara
FC Barcelona v Real Sociedad - La Liga Santander
FC Barcelona v Real Sociedad - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബിൽ നിന്ന് വിടവാങ്ങിയത് വലിയൊരു ഞെട്ടലായിരുന്നുവെന്ന് എഫ്‌സി ബാഴ്‌സലോണയുടെ സ്പാനിഷ് താരം സെർജിയോ ബുസ്ക്വെറ്റ്സ്. മെസി ക്ലബ്ബിൽ നിന്ന് വിട്ടു പോയത് ദഹിക്കാൻ ബുദ്ധിമുട്ടാണെന്ന് തുറന്ന് പറയുന്ന ബുസ്ക്വെറ്റ്സ്, എന്നാൽ താരമില്ലാതെ ചാമ്പ്യൻസ് ലീഗ് നേടാൻ ബാഴ്സലോണക്ക് കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണുള്ളത്.

"ലിയോ, ബാഴ്സലോണക്കും എനിക്ക് വ്യക്തിപരമായും നൽകിയത് വലിയ ഞെട്ടലായിരുന്നു. ദഹിക്കാൻ ബുദ്ധിമുട്ടുള്ള വികാരങ്ങളുടെ കൂമ്പാരമായിരുന്നു അത്. ഈ കഥ മാറ്റാൻ ഞങ്ങൾ ശ്രമിക്കേണ്ടതുണ്ട്. സീസണിന്റെ തുടക്കത്തിലാണ് ഇപ്പോൾ ഞങ്ങൾ. ലിയോ ഇല്ലാതെ കളിക്കാൻ ഞങ്ങൾ ശീലിക്കേണ്ടതുണ്ട്," ബാഴ്സലോണയിൽ നിന്നുള്ള മെസിയുടെ വിടവാങ്ങലിനെക്കുറിച്ചുള്ള റിപ്പോർട്ടറുടെ ചോദ്യത്തിന് ബുസ്ക്വെറ്റ്സ് മറുപടി നൽകി.

അതേ സമയം മറ്റൊരു ചാമ്പ്യൻസ് ലീഗ് കൂടി ആരംഭിക്കാനിരിക്കെ മെസിയുടെ അസാന്നിധ്യം ബാഴ്സലോണയെ എങ്ങനെ ബാധിക്കുമെന്നുള്ള കാര്യത്തിൽ ഫുട്ബോൾ ലോകത്ത് ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. മെസിയില്ലാതെ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നത് റൊണാൾഡ് കൂമാന്റെ സംഘത്തെ സാരമായി ബാധിക്കുമെന്ന് ഭൂരിഭാഗം ആരാധകരും കരുതുന്നുണ്ടെങ്കിലും ബുസ്ക്വെറ്റ്സിന് ടീമിൽ വലിയ ശുഭാപ്തി‌ വിശ്വാസമുണ്ട്. മെസിയില്ലാതെയും ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്ക് മുന്നോട്ട് പോകാൻ കഴിയുമെന്ന് വിശ്വസിക്കുന്ന സ്പാനിഷ് താരം, ഫുട്ബോളിൽ എന്തും സംഭവിക്കാമെന്നും കൂട്ടിച്ചേർത്തു.

"ഫുട്ബോളിൽ എന്തും സംഭവിക്കാം. ചെൽസി കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് നേടി. അവർ ഫേവറിറ്റുകളായിരുന്നില്ല. പ്രധാന കാര്യം കൂട്ടായ പ്രവർത്തനമാണ്. ലിയോയോ അദ്ദേഹത്തിന്റെ വ്യക്തിഗത ഗുണങ്ങളോ ഒപ്പമില്ലെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ ഇവിടെയുണ്ട്. ഞങ്ങൾക്ക് ആവേശവും ബുദ്ധിമുട്ടുകൾ സംബന്ധിച്ച അവബോധവുമുണ്ട്. പക്ഷേ ഞങ്ങൾക്ക് വളരെയധികം അഭിലാഷങ്ങളുണ്ട്. ഞങ്ങൾ വിജയിക്കാൻ ആഗ്രഹിക്കുന്നു." ബുസ്ക്വെറ്റ്സ് പറഞ്ഞു നിർത്തി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit