കൂടുതൽ മെഡിക്കൽ പരിശോധനകൾ വേണം, അഗ്യൂറോ ആശുപത്രിയിൽ തന്നെ തുടരും

FC Barcelona v Deportivo Alaves - LaLiga Santander
FC Barcelona v Deportivo Alaves - LaLiga Santander / Quality Sport Images/GettyImages
facebooktwitterreddit

ആലാവസിനെതിരെ നടന്ന ലാ ലിഗ മത്സരത്തിൽ ശാരീരിക അസ്വസ്ഥകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയ സെർജിയോ അഗ്യൂറോക്ക് കൂടുതൽ പരിശോധനകൾ വേണ്ടി വരും. അതുകൊണ്ടു തന്നെ ബാഴ്‌സലോണ താരം ആശുപത്രിയിൽ തന്നെ തുടരുമെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അലാവസിനെതിരെ നടന്ന മത്സരത്തിന്റെ നാൽപത്തിരണ്ടാം മിനുട്ടിലാണ് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് അഗ്യൂറോ കളിക്കളം വിടുന്നത്. പ്രഥമശുശ്രൂഷ നൽകിയതിനു ശേഷം ആശുപത്രിയിലേക്ക് മാറ്റിയ താരത്തിന്‌ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും കൂടുതൽ പരിശോധനകൾ വേണ്ടി വരുമെന്നും ബാഴ്‌സലോണ ഇന്നലെ അറിയിച്ചിരുന്നു.

എന്നാൽ ഹൃദയമിടിപ്പിൽ വ്യതിയാനം സംഭവിക്കുന്ന അസുഖം താരത്തിന് കണ്ടെത്തിയിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ വിദഗ്ദമായ പരിശോധനകൾ വേണ്ടി വരുമെന്നുമാണ് മുണ്ടോ ഡിപോർറ്റീവോ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. എന്നാണു അഗ്യൂറോക്ക് ആശുപത്രി വിടാൻ കഴിയുകയെന്ന് ഇപ്പോൾ വ്യക്തമല്ല.

അഗ്യൂറോയുടെ അമ്മയും സഹോദരനും കാമുകിയും കഴിഞ്ഞ ദിവസം താരത്തെ ആശുപത്രിയിൽ സന്ദർശിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. താരത്തിന്റെ സ്ഥിതിയിൽ വളരെയധികം ആശങ്കപ്പെടാൻ യാതൊന്നുമില്ലെന്നാണ് അവരുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നതെന്നും മുണ്ടോ ഡിപോർറ്റീവോ റിപ്പോർട്ടു ചെയ്‌തു.

അഗ്യൂറോയുടെ സേവനം കുറച്ചു കാലത്തേക്കു കൂടി ബാഴ്‌സയ്ക്ക് ലഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സീസണിന്റെ തുടക്കം മുതൽ പരിക്കേറ്റു പുറത്തിരുന്ന അർജന്റീനിയൻ താരം അടുത്തിടെയാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്.