Football in Malayalam

മെസി ക്ലബ് വിട്ടതിൽ അസംതൃപ്‌തനെങ്കിലും ബാഴ്‌സയിൽ തുടരാൻ തീരുമാനിച്ച് അഗ്യൂറോ

Sreejith N
FBL-ESP-LIGA-BARCELONA-AGUERO
FBL-ESP-LIGA-BARCELONA-AGUERO / LLUIS GENE/Getty Images
facebooktwitterreddit

ലയണൽ മെസി ബാഴ്‌സലോണ വിട്ടെങ്കിലും സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ എത്തിയ സെർജിയോ അഗ്യൂറോ ക്ലബിനൊപ്പം തുടരാൻ തീരുമാനിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. നേരത്തെ അർജന്റീന സ്‌ട്രൈക്കർ ബാഴ്‌സലോണയിൽ നിന്നും പുറത്തു കടക്കാനുള്ള വഴികൾ നോക്കുന്നുണ്ടെന്ന വാർത്തകൾ പുറത്തു വന്നിരുന്നെങ്കിലും താരം ഈ സീസണിൽ ക്ലബിനൊപ്പം തന്നെ ഉണ്ടാകുമെന്നാണ് മാർക്ക വ്യക്തമാക്കുന്നത്.

മെസിയെ ക്ലബിൽ നിലനിർത്തുന്നതിന്റെ കൂടി ഭാഗമായാണ് താരത്തിന്റെ ഉറ്റ സുഹൃത്തായ അഗ്യൂറോയെ ബാഴ്‌സ സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റി കരാർ അവസാനിച്ചതിനു പിന്നാലെ ഫ്രീ ട്രാൻസ്ഫറിൽ ബാഴ്‌സയിലെത്തിയ താരം മെസിക്കൊപ്പം ക്ലബ് തലത്തിലും കളിക്കാൻ കഴിയുന്നതിന്റെ സന്തോഷം പങ്കു വെച്ചിരുന്നെങ്കിലും സ്ഥിതിഗതികൾ അപ്രതീക്ഷിത ട്വിസ്റ്റിലേക്കാണ് പിന്നീടു നീങ്ങിയത്.

മെസിയെ നിലനിർത്താൻ തങ്ങൾക്കു കഴിയില്ലെന്ന് ബാഴ്‌സലോണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് അഗ്യൂറോയിൽ കടുത്ത അസംതൃപ്തി ഉണ്ടാക്കിയെങ്കിലും താരം ക്ലബ് വിടാനുള്ള നീക്കങ്ങൾ നടത്തിയിട്ടില്ലെന്ന് മാർക്ക വ്യക്തമാക്കുന്നു. സുവാരസ് ടീം വിട്ടതോടെ ഒരു പ്രോപ്പർ നമ്പർ 9 താരത്തിന്റെ അഭാവം നേരിട്ടിരുന്ന ബാഴ്‌സലോണക്ക് അഗ്യൂറോ തുടരുമെന്ന വാർത്ത ആശ്വാസകരമാണ്.

അതേസമയം ദേശീയ ടീമിൽ ഒരുമിച്ചു കളിക്കുന്ന ഉറ്റ സുഹൃത്തായ ലയണൽ മെസിക്കൊപ്പം ക്ലബ് തലത്തിലും ഒരുമിക്കാനുള്ള അഗ്യൂറോയുടെ ആഗ്രഹം അവസാനിച്ച മട്ടാണ്. അതേസമയം പുതിയ കരാർ ഒപ്പിടാൻ തയ്യാറെടുത്തു നിൽക്കെ ബാഴ്‌സലോണ വിടേണ്ടി വന്ന ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണെന്ന് യൂറോപ്പിലെവിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit