അഗ്യൂറോ അർജന്റീന ദേശീയ ടീമിലേക്ക് അടുക്കുന്നു, ഖത്തർ ലോകകപ്പ് നറുക്കെടുപ്പിൽ അർജന്റീനയുടെ പ്രതിനിധിയാകാൻ താരം

Bolivia v Argentina: Group A - Copa America Brazil 2021
Bolivia v Argentina: Group A - Copa America Brazil 2021 / Gustavo Pagano/GettyImages
facebooktwitterreddit

ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ കാരണം ഫുട്ബോളിൽ നിന്നും അപ്രതീക്ഷിതമായി വിരമിക്കേണ്ടി വന്നെങ്കിലും അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ സ്റ്റാഫായി സെർജിയോ അഗ്യൂറോ ചുമതലയേൽക്കാനുള്ള സാധ്യതകൾ വർധിച്ചു. ഇതിന്റെ സൂചനയെന്നോണം ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിന്റെ നറുക്കെടുപ്പിൽ അർജന്റീനയുടെ പ്രതിനിധിയായി താരവും ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്.

മാർച്ചിൽ ലോകകപ്പ് യോഗ്യത നേടാനുള്ള പ്ലേ ഓഫ് മത്സരങ്ങൾ നടന്നതിനു ശേഷം ഏപ്രിൽ ഒന്നിനാണ് ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പുകളെ തിരഞ്ഞെടുക്കുക. ഈ നറുക്കെടുപ്പിൽ അർജന്റീന ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ക്ലൗഡിയോ ടാപ്പിയക്കൊപ്പം അർജന്റീന ടീമിന്റെ പ്രതിനിധിയായി അഗ്യൂറോയും ഉണ്ടാകുമെന്ന് ടൈക് സ്പോർട്സ് റിപ്പോർട്ടു ചെയ്‌തു.

ഖത്തർ ലോകകപ്പിനുള്ള അർജന്റീന ടീമിനൊപ്പം ചേരുന്നതിനെ കുറിച്ച് കഴിഞ്ഞ ആഴ്‌ചകളിൽ നടത്തിയ ഒരു അഭിമുഖത്തിൽ അഗ്യൂറോ പറഞ്ഞിരുന്നു. ഇതുറപ്പിക്കുന്നതിനായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റുമായി സംസാരിച്ചതിനു പിന്നാലെയാണ് താരം നറുക്കെടുപ്പിൽ അർജന്റീന ദേശീയ ടീമിനെ പ്രതിനിധീകരിക്കുമെന്ന റിപ്പോർട്ടുകൾ വരുന്നത്.

അതേസമയം ലയണൽ സ്‌കലോണിയുടെ കോച്ചിങ് സ്റ്റാഫ് ആയിട്ടായിരിക്കില്ല അഗ്യൂറോ അർജന്റീന ടീമിനൊപ്പം ഉണ്ടാവുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. ദേശീയ ടീമിലെ താരങ്ങൾക്കൊപ്പം നിന്ന് അവർക്ക് കൂടുതൽ അനായാസത കൈവരിക്കാൻ സഹായിക്കുകയാവും അഗ്യൂറോയുടെ ചുമതല.

ഇക്കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം നേടിയ അർജന്റീന ടീമിനൊപ്പം ഉണ്ടായിരുന്ന അഗ്യൂറോക്ക് ശാരീരിക പ്രശ്‌നങ്ങൾ ഇല്ലായിരുന്നെങ്കിൽ ലോകകപ്പ് ടീമിലും ഇടം നേടിയേനെ. ലയണൽ മെസിയുടെ അടുത്ത സുഹൃത്തായ അഗ്യൂറോയുടെ സാന്നിധ്യം താരത്തിനും ടീമിനും ഗുണകരമാകുന്ന ഒന്നു തന്നെയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.