മെസിക്കെതിരെയുള്ള ഫ്രഞ്ച് മാധ്യമങ്ങളുടെ വിമർശനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് അഗ്യൂറോ

FBL-COPA AMERICA-2019-ARG-TRAINING
FBL-COPA AMERICA-2019-ARG-TRAINING / CARL DE SOUZA/GettyImages
facebooktwitterreddit

ലയണൽ മെസിക്കെതിരെ ഫ്രാൻസിലെ മാധ്യമങ്ങൾ നടത്തുന്ന രൂക്ഷമായ വിമർശനത്തിനെതിരെ പ്രതികരിച്ച് മുൻ അർജന്റീന സഹതാരം സെർജിയോ അഗ്യൂറോ. റയൽ മാഡ്രിഡിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ അവസാന മിനുട്ടിൽ എംബാപ്പെ നേടിയ ഗോളിൽ പിഎസ്‌ജി വിജയം നേടിയെങ്കിലും മത്സരത്തിൽ പെനാൽറ്റി പാഴാക്കിയതിനെ തുടർന്നാണ് മെസിക്കെതിരെ വിമർശനം ശക്തമായത്.

ബാഴ്‌സലോണയിൽ നിന്നും ഈ സീസണിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസിക്ക് ഇതുവരെയും തന്റെ കഴിവു മുഴുവനായും പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ഫ്രഞ്ച് ലീഗിൽ രണ്ടു ഗോളുകൾ മാത്രം നേടിയിട്ടുള്ള താരത്തിനെതിരെ നേരത്തെ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നത് റയലിനെതിരെ നിർണായകമായ പെനാൽറ്റി പാഴാക്കിയതിനാൽ കാണപ്പെട്ട സാഹചര്യത്തിലാണ് അഗ്യൂറോ പിന്തുണയുമായി രംഗത്തു വന്നത്.

"ലിയോ നല്ല പ്രകടനമാണ് നടത്തിയത്, റയൽ മാഡ്രിഡിന്റെ ലൈനുകൾ തകർക്കാൻ താരത്തിന്‌ കഴിഞ്ഞു. അവൻ എന്റെ സുഹൃത്തായതു കൊണ്ടല്ല ഞാനിതു പറയുന്നത്, താരം മികച്ച പ്രകടനം നടത്തിയതു കൊണ്ടു തന്നെയാണ്. വളരെ മികച്ചു നിന്ന താരം കളിക്കളത്തിൽ സജീവമായിരുന്നു." ട്വിച്ച് ചാനലിൽ സംസാരിക്കേ അഗ്യൂറോ പറഞ്ഞു.

"ഫ്രാൻസിൽ മാഗസിനുകളും പത്രങ്ങളും താരത്തെ കൊല്ലുകയാണ്. അവർ വളരെ മോശമാണ്. എനിക്ക് ഒരു ഫ്രഞ്ച് മാഗസിനുമായി ഇന്റർവ്യൂ തീരുമാനിച്ചിരുന്നു. പക്ഷെ ഞാൻ പറഞ്ഞു: 'പറ്റില്ല, ഞാൻ ലയണൽ മെസിയെ പിന്തുണക്കുന്നു. ഗുഡ്‌ബൈ, പിന്നീട് കാണാം' എന്ന്. ഇപ്പോൾ ഞാൻ വളരെ ദേഷ്യത്തിലാണ്." അഗ്യൂറോ വ്യക്തമാക്കി.

മത്സരത്തിൽ പെനാൽറ്റി നഷ്‌ടപ്പെടുത്തിയത് ഒഴിച്ചു നിർത്തിയാൽ മികച്ച പ്രകടനമാണ് ലയണൽ മെസി നടത്തിയത് എന്നിരിക്കിലും താരത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഫ്രാൻസിൽ ഉയരുന്നത്. ഫ്രഞ്ച് മാഗസിനായ എൽ എക്വിപ്പെ മെസിയുടെ റേറ്റിങ് വെറും മൂന്നു മാത്രം നൽകിയപ്പോൾ താരം ഫ്രഞ്ച് ക്ലബിന് ഒന്നും നൽകിയിട്ടില്ലെന്നാണ് മുൻ ഫ്രാൻസ് താരം റോത്തൻ പറഞ്ഞത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.