Football in Malayalam

അഗ്യൂറോ ഫുട്ബോളിൽ നിന്നും വിരമിക്കുന്നു, ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്‌ചയുണ്ടാകും

Sreejith N
Brazil v Argentina: Semi Final - Copa America Brazil 2019
Brazil v Argentina: Semi Final - Copa America Brazil 2019 / Chris Brunskill/Fantasista/GettyImages
facebooktwitterreddit

ബാഴ്‌സലോണയുടെ അർജന്റീനിയൻ ഫുട്ബോൾ താരം സെർജിയോ അഗ്യൂറോ ഫുട്ബോളിൽ നിന്നും വിരമിക്കാൻ തയ്യാറെടുക്കുന്നു. ആഴ്‌ചകൾക്കു മുൻപ് ഡിപോർറ്റീവോ അലാവാസിനെതിരെ നടന്ന ലാ ലിഗ മത്സരത്തിനിടയിൽ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കളിക്കളത്തിൽ നിന്നും പിൻവലിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട താരത്തിനു ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് ജെറാർഡ് റൊമേരോ റിപ്പോർട്ടു ചെയ്യുന്നു.

ഹൃദയമിടിപ്പിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്ന കാർഡിയാക് അരിത്മിയയെന്ന രോഗം അഗ്യൂറോക്ക് സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് താരം വിരമിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും അതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നായിരുന്നു അഗ്യൂറോ അതിനോട് പ്രതികരിച്ചത്. എന്നാലിപ്പോൾ കരിയർ നേരത്തെ അവസാനിപ്പിക്കാനുള്ള തീരുമാനം താരം എടുത്തുവെന്നാണ് റിപ്പോർട്ടുകളിൽ നിന്നും അനുമാനിക്കേണ്ടത്.

ശാരീരിക പ്രശ്‌നങ്ങൾ മൂലം ഫുട്ബോളിൽ നിന്നും വിരമിക്കാനുള്ള തന്റെ തീരുമാനം മുപ്പത്തിമൂന്നുകാരനായ അഗ്യൂറോ ബാഴ്‌സലോണ നേതൃത്വത്തെ അറിയിച്ചുവെന്നും അടുത്തയാഴ്‌ച ഈ വിവരം മുൻ മാഞ്ചസ്റ്റർ സിറ്റി താരം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവർക്കും വേദന നൽകുന്ന വാർത്തയാണിത്.

നിലവിൽ ബാഴ്‌സലോണ താരാമാണെങ്കിലും മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടിയുള്ള താരത്തിന്റെ പ്രകടനമാണ് എക്കാലവും കൂടുതൽ ഓർമിക്കപ്പെടുക. സിറ്റിക്ക് ആദ്യ പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുത്ത നിർണായകമായ ഗോൾ നേടിയ അഗ്യൂറോ ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി അഞ്ചു പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിയാണ് അവിടം വിട്ടത്.

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണയിലേക്ക് ചേക്കേറിയ അഗ്യൂറോ ഏതാനും മത്സരങ്ങൾ മാത്രമാണ് ബാഴ്‌സക്കു വേണ്ടി കളിച്ചിട്ടുള്ളതെങ്കിലും തന്റെ ആദ്യ ബാഴ്‌സ ഗോൾ എൽ ക്ലാസിക്കോയിൽ തന്നെ നേടാൻ താരത്തിനു കഴിഞ്ഞിരുന്നു. അർജന്റീനക്കു വേണ്ടി 41 ഗോളുകൾ നേടിയിട്ടുള്ള താരം ഇക്കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം നേടിയിരുന്നു.

facebooktwitterreddit