Football in Malayalam

ബാഴ്‌സലോണ ജേഴ്‌സിയിൽ ആദ്യഗോൾ സ്വന്തമാക്കി അഗ്യൂറോ, നേട്ടം അനൗദ്യോഗിക മത്സരത്തിൽ

Sreejith N
FC Barcelona Sign Sergio Aguero
FC Barcelona Sign Sergio Aguero / Quality Sport Images/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഫ്രീ ട്രാൻസ്‌ഫറിൽ ബാഴ്‌സയിലേക്ക് ചേക്കേറിയതിനു ശേഷം പരിക്കു മൂലം ഇതുവരെയും ഒരു മത്സരം പോലും കളിക്കാൻ കഴിയാതിരുന്ന അർജന്റീനിയൻ താരം സെർജിയോ അഗ്യൂറോ അനൗദ്യോഗിക മത്സരത്തിൽ ബാഴ്‌സക്കു വേണ്ടി കളത്തിലിറങ്ങുകയും ടീമിനു വേണ്ടി ആദ്യത്തെ ഗോൾ കണ്ടെത്തുകയും ചെയ്‌തു. യുഇ കോർനല്ലക്കെതിരെ അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിലാണ് അഗ്യൂറോയുടെ ഗോൾ പിറന്നത്.

പരിക്കിൽ നിന്നും മുക്തനായ അഗ്യൂറോ ഏതാണ്ട് മുപ്പതു മിനുട്ടോളമാണ് കളിക്കളത്തിൽ ഉണ്ടായിരുന്നത്. കോർനല്ല ഗോൾകീപ്പർ വരുത്തിയ പിഴവിൽ നിന്നും പന്തു ലഭിച്ച താരം ഗോളിയെ ഡ്രിബിൾ ചെയ്‌തതിനു ശേഷം അനായാസം വല കുലുക്കുകയായിരുന്നു. മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്താൻ കഴിഞ്ഞ താരത്തെ വലൻസിയക്കെതിരായ അടുത്ത മത്സരത്തിൽ റൊണാൾഡ്‌ കൂമാൻ പരിഗണിക്കാൻ സാധ്യതയുണ്ട്.

ഈയാഴ്‌ച മുഴുവൻ ട്രെയിനിങ് നടത്തിയ അഗ്യൂറോയടക്കമുള്ള ഏതാനും ഫസ്റ്റ് ടീം താരങ്ങൾക്കൊപ്പം ബി ടീം താരങ്ങളുമാണ് മത്സരത്തിൽ ബാഴ്‌സക്കു വേണ്ടി കളത്തിലിറങ്ങിയത്. രണ്ടു ടീമുകളും രണ്ടു ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ബാഴ്‌സലോണയുടെ മറ്റൊരു ഗോൾ കണ്ടെത്തിയത് ഫിലിപ്പെ കുട്ടീന്യോ ആയിരുന്നു.

ഈ സീസണിൽ വളരെയധികം പതറുന്ന ബാഴ്‌സലോണയെ സംബന്ധിച്ച് അഗ്യൂറോയുടെ തിരിച്ചുവരവ് വളരെയധികം ആശ്വാസം പകരുന്നതാണ്. മുന്നേറ്റനിര ഗോൾ കണ്ടെത്താൻ പരാജയപ്പെടുന്നത് ഒരു പരിധി വരെ പരിഹരിക്കാൻ മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ അർജന്റീനിയൻ താരത്തിന്റെ സാന്നിധ്യം കൊണ്ടു കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

facebooktwitterreddit