ബാഴ്സലോണയിൽ പത്താം നമ്പർ ജേഴ്സി തിരഞ്ഞെടുക്കാതിരുന്നതിനെക്കുറിച്ച് മനസ് തുറന്ന് സെർജിയോ അഗ്യൂറോ

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എഫ് സി ബാഴ്സലോണയിലേക്കെത്തിയ താരമാണ് സെർജിയോ അഗ്യൂറോ. മെസിക്കൊപ്പം കളിക്കുക എന്ന ലക്ഷ്യവുമായി ക്യാമ്പ് നൗവിലെത്തിയെങ്കിലും അദ്ദേഹം പിഎസ്ജിയിലേക്ക് ചേക്കേറിയതോടെ അഗ്യൂറോയുടെ ആ ലക്ഷ്യം സഫലമാകാതെ പോയി. മെസി ക്ലബ്ബിൽ നിന്ന് പോയതോടെ അദ്ദേഹം ധരിച്ചിരുന്ന പത്താം നമ്പർ ജേഴ്സി സ്വന്തമാക്കാൻ അഗ്യൂറോക്ക് അവസരമുണ്ടായിരുന്നെങ്കിലും, അത് വേണ്ടെന്ന് വെക്കാൻ തീരുമാനിക്കുകയായിരുന്നു താരം. ഇപ്പോളിതാ ഇതിഹാസങ്ങൾ ധരിച്ചിരുന്ന ബാഴ്സലോണയുടെ പത്താം നമ്പർ ജേഴ്സി വേണ്ടെന്ന് വെച്ചതിന് കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അഗ്യൂറോ.
മെസി പോയതിന് പിന്നാലെ പത്താം നമ്പർ ജേഴ്സിയെടുക്കാൻ സഹ കളിക്കാർ തന്നോട് ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തിയ അഗ്യൂറോ, അർജന്റൈൻ ദേശീയ ടീമിലെ തന്റെ ജേഴ്സി നമ്പരായ 19 ബാഴ്സലോണയിൽ ലഭ്യമായിരുന്നെന്നും അതിനാൽ അവിടെയും ആ നമ്പർ തിരഞ്ഞെടുക്കാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് പറയുന്നത്.
അതേ സമയം ക്ലബ്ബിന്റെ യുവ താരമായ അൻസു ഫാറ്റിക്ക് പത്താം നമ്പർ നൽകാൻ പിന്നീട് ബാഴ്സലോണ തീരുമാനിക്കുകയായിരുന്നു. ഇതേക്കുറിച്ച് സംസാരിക്കുന്നതിനിടെ ഫാറ്റിക്ക് പത്താം നമ്പർ നന്നായി ഇണങ്ങുന്നുണ്ടെന്ന് പറയാനും അഗ്യൂറോ മറന്നില്ല.
Sergio Aguero says Barcelona's No.10 shirt 'looks good' on Ansu Fati ? pic.twitter.com/n4JmB18bQ3
— Goal (@goal) October 19, 2021
"ഞാൻ പത്തൊൻപതാം നമ്പർ തിരഞ്ഞെടുത്തു. കാരണം അത് ലഭ്യമായിരുന്നു. അർജന്റീന ദേശീയ ടീമിലും ഞാൻ ഇതേ നമ്പർ ജേഴ്സിയാണ് ധരിക്കുന്നത്. കളിക്കാർ എന്നോട് പത്താം നമ്പറെടുക്കാൻ പറഞ്ഞു. എന്നാൽ ഞാൻ നിരസിച്ചു."
- സെർജിയോ അഗ്യൂറോ
അതേ സമയം വലിയ പ്രതീക്ഷകളോടെ ഇക്കുറി ബാഴ്സലോണയിലെത്തിയെങ്കിലും പരിക്കിനെത്തുടർന്ന് സീസണിലെ നിരവധി മത്സരങ്ങൾ അഗ്യൂറോക്ക് നഷ്ടമായിരുന്നു. കഴിഞ്ഞയാഴ്ച വലൻസിയക്കെതിരെ നടന്ന ലാലീഗ മത്സരത്തിൽ കളിച്ചാണ് താരം ബാഴ്സലോണ ജേഴ്സിയിൽ അരങ്ങേറിയത്. അടുത്ത ദിവസം ഡൈനാമോ കീവിനെതിരെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ അഗ്യൂറോ ബാഴ്സയുടെ സ്റ്റാർട്ടിംഗ് ഇലവനിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.