Football in Malayalam

ബാഴ്‌സലോണ വിടാൻ ശ്രമങ്ങളാരംഭിച്ച് അഗ്യൂറോ, ക്ലബുമായുള്ള കരാർ അവസാനിപ്പിക്കാൻ അഭിഭാഷകരെ സമീപിച്ചു

Sreejith N
FC Barcelona Sign Sergio Aguero
FC Barcelona Sign Sergio Aguero / David Ramos/Getty Images
facebooktwitterreddit

ലയണൽ മെസി ബാഴ്‌സലോണ വിട്ടതോടെ കാറ്റലൻ ക്ലബുമായുള്ള കരാർ അവസാനിപ്പിക്കാൻ സെർജിയോ അഗ്യൂറോ ശ്രമങ്ങൾ ആരംഭിച്ചു. സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം തന്റെ അഭിഭാഷകരെ സമീപിച്ച് ബാഴ്‌സ കരാർ ഒഴിവാക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് അഗ്യൂറോ അന്വേഷിച്ചിട്ടുണ്ട്. ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സയിലെത്തിയ അഗ്യൂറോ രണ്ടു വർഷത്തേക്കാണ് ക്ലബുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ അവസാനിച്ച് ഫ്രീ ഏജന്റായ അഗ്യൂറോ ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള പ്രധാന കാരണം തന്ന മെസിയുടെ സാന്നിധ്യമാണ്. ദേശീയ ടീമിനു പുറമെ ക്ലബ് തലത്തിലും മെസിക്കൊപ്പം കളിക്കാൻ കഴിയുന്നതിന്റെ ആവേശം താരം പങ്കു വെക്കുകയും ചെയ്‌തിരുന്നു. എന്നാൽ അപ്രതീക്ഷിതമായി മെസി ബാഴ്‌സ വിട്ടതോടെയാണ് അഗ്യൂറോ ബാഴ്‌സയുമായുള്ള കരാർ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുന്നതെന്ന് കാറ്റലൻ മാധ്യമം ബെറ്റെവെസിന്റെ 'ലാ പോർട്ടേറിയ' പ്രോഗ്രാം വെളിപ്പെടുത്തി.

നിരവധി ക്ലബുകളുടെ ഓഫർ തഴഞ്ഞാണ് താൻ ബാഴ്‌സയെ തിരഞ്ഞെടുത്തതെന്ന് അഗ്യൂറോ ട്രാൻസ്‌ഫറിനു ശേഷം വെളിപ്പെടുത്തിയിരുന്നു. മെസിയുടെ സാന്നിധ്യമുള്ള ബാഴ്‌സയിലേക്ക് ചേക്കേറാൻ പ്രതിഫലത്തിന്റെ അമ്പതു ശതമാനം കുറക്കാനും താരം തയ്യാറായി. മെസി ക്ലബിൽ തുടരുമെന്ന ഉറപ്പുള്ളതു കൊണ്ടു മാത്രമാണ് അർജന്റീനിയൻ സ്‌ട്രൈക്കർ ഇതിനു തയ്യാറായത്.

എന്നാൽ മെസി ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്‌സിൽ ബാഴ്‌സലോണ വിട്ടതോടെ ക്ലബിനൊപ്പം തുടരാനുള്ള താൽപര്യം അഗ്യൂറോക്ക് നഷ്ടമായിട്ടുണ്ട്. കരാർ അവസാനിപ്പിച്ച് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാനുള്ള സാധ്യതകളാണ് മുൻ മാഞ്ചസ്റ്റർ സിറ്റി താരം പരിഗണിക്കുന്നത്. അഗ്യൂറോയിൽ കൂമാന് വലിയ താൽപര്യം ഇല്ലെന്നിരിക്കെ ബാഴ്‌സയിൽ അവസരങ്ങൾ കുറഞ്ഞാൽ അടുത്ത ലോകകപ്പിനുള്ള ടീമിൽ ഇടം നേടാൻ കഴിയില്ലെന്നതും ക്ലബ് വിടാൻ താരത്തെ പ്രേരിപ്പിക്കുന്ന ഘടകമാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit