അവസാന നിമിഷത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം സമ്മാനിച്ച ചരിത്ര ഗോൾ ഓർത്തെടുത്ത് സെര്‍ജിയോ അഗ്യൂറോ

Aguero's goal won Man City the Premier League title
Aguero's goal won Man City the Premier League title / Tom Jenkins/GettyImages
facebooktwitterreddit

2012 പ്രീമിയര്‍ ലീഗിലെ ചരിത്ര ഗോള്‍ ഓര്‍ത്തെടുത്ത് അര്‍ജന്റൈന്‍ താരം സെര്‍ജിയോ അഗ്യൂറോ. പ്രീമിയര്‍ ലീഗിന്റെ കിരീട ജേതാക്കളെ നിര്‍ണയിക്കുന്ന മത്സരത്തില്‍ ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സ് എഫ്.സിക്കെതിരെയായിരുന്നു അഗ്യൂറോ ചരിത്രത്തില്‍ ഇടം നേടിയ ഗോള്‍ നേടിയത്.

പ്രീമിയര്‍ ലീഗ് 2011/22 സീസണിലെ സിറ്റിയുടെ അവസാന മത്സരത്തിന്റെ അവസാന മിനുട്ടിലായിരുന്നു അഗ്യൂറോയുടെ ഗോള്‍ പിറന്നത്. ആ ഗോളോടെയായിരുന്നു ആ സീസണിലെ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ വെബ്‌സൈറ്റിനോട് സംസാരിക്കുന്നതിനിടെയാണ് അഗ്യൂറോ ഗോള്‍ നേടിയ സംഭവം വീണ്ടും അയവിറക്കിയത്.

"ആ ഗോള്‍ പിറന്നപ്പോള്‍ ഞാന്‍ വളരെ സന്തോഷവാനായിരുന്നു. ഞാൻ ഒരു ഞെട്ടലിലുമായിരുന്നു. അതിന് ശേഷം ഉടൻ നടന്ന കാര്യങ്ങളൊന്നും എനിക്ക് ഓർമയില്ല. അത് (എന്താണ് സംഭവിച്ചതെന്ന്) വ്യക്തമായപ്പോൾ, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഗോളാണ് ഞാൻ നേടിയതെന്ന് ഞാൻ മനസിലാക്കി," ആ ഗോളിനെ കുറിച്ച് അഗ്യൂറോ പറഞ്ഞു.

"ഞാന്‍ യുവാവായിരിക്കുമ്പോള്‍ ഗോള്‍ നേടുമ്പോള്‍ എപ്പോഴും ജഴ്‌സി ഊരി തലക്ക് ചുറ്റും വീശുമായിരുന്നു. അതിനാല്‍ ഞാന്‍ സ്‌കോര്‍ ചെയ്‌തപ്പോൾ അത് സ്വാഭാവികമായിരുന്നു. എന്റെ സഹതാരങ്ങള്‍ എന്റെ മേൽ ചാടുന്നതിന് മുന്‍പ് ഞാന്‍ കോർണറിന്റെ അടുത്തേക്ക് ഓടി. അവരെല്ലാം 'ഐ ലവ് യു, സെർജിയോ, ഐ ലവ് യൂ' എന്ന് പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ അവരോട് എന്നെ വിടാന്‍ വേണ്ടി പറഞ്ഞു. കാരണം ആ സമയത്ത് ഞാന്‍ ഞെട്ടലിലായിരുന്നു. പക്ഷെ ആ ആഘോഷം ഇപ്പോഴും മികച്ചതാണ്," അഗ്യൂറോ വാചാലനായി.

ആ കിരീട നേട്ടം സിറ്റിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയെന്നും അഗ്യൂറോ കൂട്ടിച്ചേര്‍ത്തു. 2011/12 സീസണിൽ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയതിന് ശേഷം, 2013–14, 2017–18, 2018–19, 2020–21, 2021–22 സീസണുകളിലും സിറ്റി പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ടിട്ടുണ്ട്.